ജാഗ്രതയോടെ മുന്നോട്ട്

മുഖ്യമന്ത്രി വി.ഡി. സതീശൻ നേതൃത്വംനൽകുന്ന യു.ഡി.എഫ്. സർക്കാർ ഇന്നലെ ആറുമാസം തികച്ചു. ഒരു ജനകീയസർക്കാരിന്റെ പ്രകടനത്തെ തിരിഞ്ഞുനോക്കി നിശിതമായി വിലയിരുത്തത്തക്കതായൊരു കാലയളവല്ല അത്. രാഷ്ട്രീയ എതിരാളികളുടെ പത്തുവർഷത്തെ തുടർച്ചയായ ഭരണത്തെ വോട്ടെടുപ്പിലൂടെ തൂത്തെറിഞ്ഞ് ഗംഭീരഭൂരിപക്ഷത്തോടെ അധികാരമേറിയൊരു സർക്കാരാകുമ്പോൾ അമിതപ്രതീക്ഷകളുടെ ഭാരമേൽക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. ആ ചുമതലാബോധം സർക്കാരിന്റെ നേതൃതലങ്ങളിലുള്ളവർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംഘടനാസംവിധാനം അതിനൊപ്പം ചലിക്കുന്നുണ്ടോ എന്നതിലാണ് സംശയം. കോൺഗ്രസ് പാർട്ടിയുമായും യു.ഡി.എഫ്. സംവിധാനവുമായുമുള്ള ഏകോപിതപ്രവർത്തനം സർക്കാരിന് സാധ്യമാകുന്നില്ലെന്നുതന്നെ പറയേണ്ടിവരും. യു.ഡി.എഫ്. കൺവീനർപദവിതന്നെ വഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ യുദ്ധമുഖം തുറക്കുന്ന രാഷ്ട്രീയ നെറികേടിനാണ് കേരളം സാക്ഷ്യംവഹിച്ചത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)ക്ക് മുഴുവൻസമയ അധ്യക്ഷനെ കണ്ടെത്താനുള്ള ഊർജിതനീക്കമുണ്ടാകാത്തതും നൈരാശ്യം ജനിപ്പിക്കുന്നു.
കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന തിരഞ്ഞെടുപ്പുവാഗ്ദാനം നിറവേറ്റിയത് യു.ഡി.എഫ്. സർക്കാരിന്റെ ഏറ്റവും പുരോഗമനപരവും ജനോപകാരപ്രദവുമായ നടപടിതന്നെയാണ്. മെച്ചപ്പെട്ട വരുമാനമുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകേണ്ടതുണ്ടോ എന്നൊക്കെ സംശയംപ്രകടിപ്പിക്കുന്നവർ ഈ പദ്ധതിയുടെ ദീർഘകാല ക്ഷേമ-ശാക്തീകരണ ലക്ഷ്യങ്ങളെപ്പറ്റി ധാരണയില്ലാത്തവരാണ്. ആശാ, അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്തിയതും ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ പുലർത്തുന്ന ശുഷ്കാന്തിയും ഈ സർക്കാരിന്റെ സദുദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. യു.ഡി.എഫ്. പ്രകടനപത്രികയിലെ സ്വപ്നപദ്ധതിയായ മിഷൻ സമുദ്രയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നുണ്ട്. ഇതുൾപ്പെടെയുള്ള വ്യവസായസൗഹൃദനീക്കങ്ങളുടെ ഭാഗമായി നിയമനിർമാണനടപടികളുണ്ടായി. അതേസമയം, വ്യവസായങ്ങൾക്കുള്ള അനുമതി വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞമാസം നിയമസഭയിൽ പാസാക്കിയ ‘സരൾ’ നിയമം കാർഷിക-പാരിസ്ഥിതിക താത്പര്യങ്ങൾക്കു ഭീഷണിയാണെന്ന് ആശങ്കയുയർന്നിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിൽ പ്രഖ്യാപിച്ച ‘രണ്ടാം ഭൂപരിഷ്കരണം’ ദളിത്-ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും അഭിസംബോധനചെയ്യേണ്ടതായിട്ടുമുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളെ കൈവിട്ടുകൊണ്ടുള്ളൊരു നീക്കവും നടത്തരുതെന്ന രാഷ്ട്രീയബോധ്യമാണ് ഇനിയങ്ങോട്ടുള്ള നാലരവർഷക്കാലയളവിൽ ഈ സർക്കാരിനെ നയിക്കേണ്ടത്. ആശസമരത്തോടുള്ള സമീപനമടക്കം കഴിഞ്ഞ സർക്കാർ കൈക്കൊണ്ട നയനിലപാടുകൾ സി.പി.എമ്മിനും എൽ.ഡി.എഫിനും വിനയായതെങ്ങനെ എന്ന പാഠം തുറന്നുതന്നെയിരിപ്പുണ്ട്.
വൈദ്യുതിവാങ്ങലുമായിബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയായത് ജനാധിപത്യപരമായ തുറസ്സിനെയാണു യഥാർഥത്തിൽ തെളിച്ചുകാട്ടുന്നത്. അല്ലാതെ, അത് സർക്കാരിന് മാനഹാനിയായി എന്നൊക്കെ വിലയിരുത്തുന്നത് അപക്വമായിരിക്കും. അതേസമയം, എൽ.പി. സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാരുടെ സമരപ്പന്തൽ പൊളിച്ച പോലീസ് നടപടി ഈ സർക്കാരിൽനിന്നു പ്രതീക്ഷിച്ചതല്ല. സമരങ്ങളോടും പ്രതിരോധങ്ങളോടും വിശാലവും അനുഭാവപൂർവവുമായ സമീപനം സ്വീകരിക്കാൻ ഇനിയെങ്കിലും യു.ഡി.എഫ്. സർക്കാരിനു സാധിക്കട്ടെ. പി.എസ്.സി. നിയമനങ്ങൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും സക്രിയശ്രമമുണ്ടാകണം. സംസ്ഥാനത്ത് 2031-ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വലിയ പ്രതീക്ഷയാണു നൽകുന്നത്. പക്ഷേ, സമ്പന്നാനുകൂല സാമ്പത്തികപരിഷ്കാരങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾക്ക് നിലവാരമോ സുരക്ഷിതത്വമോ ഇല്ലെന്നതാണ് രാജ്യത്തിന്റെ പൊതുവിലുള്ള അനുഭവം. ഈ മാതൃക പിന്തുടരാനാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പരിപാടിയെങ്കിൽ അതുകൊണ്ട് ഈ സംസ്ഥാനത്തിനും ഇവിടത്തെ യുവതയ്ക്കും കാര്യമായ പ്രയോജനമുണ്ടാകാൻപോകുന്നില്ല. സമീപകാലത്ത് രാജ്യം സാക്ഷ്യംവഹിച്ച യുവജനസമരം നരേന്ദ്രമോദിസർക്കാരിനുമാത്രമല്ല, വി.ഡി. സതീശൻസർക്കാരിനും ബോധ്യങ്ങൾ പകരേണ്ടതുണ്ട്. ജനത്തിനു നന്മ ചെയ്യുകയാണ് ഭരണകൂടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്നത് മറന്നുകൂടാ. മധുവിധുകാലം പിന്നിട്ട യു.ഡി.എഫ്. സർക്കാർ ഇനി വളരെ ജാഗ്രതയോടെ പ്രവർത്തിക്കണം.