ഇതോ പൊതുജനാരോഗ്യ മാതൃക

450 കോടിയിലധികം രൂപ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ജീവൻരക്ഷാ ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പൊടിപിടിച്ചും തുരുമ്പെടുത്തും നശിക്കുന്നെന്ന കണ്ടെത്തൽ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. ആവശ്യകതയോ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരുടെ ലഭ്യതയോ പരിശോധിക്കാതെ വാങ്ങിയെന്നുമാത്രമല്ല, പിന്നീട് ആവശ്യമായ സംവിധാനങ്ങളൊരുക്കി ഇവ പ്രയോജനപ്പെടുത്താൻ ശ്രമിച്ചില്ലെന്നതാണ് ഏറെ കഷ്ടം. പൊതുജനാരോഗ്യരംഗത്ത് നാം ഉയർത്തിക്കാട്ടുന്ന കേരളമാതൃകയുടെ മികവ് ഇവിടെ തകർന്നുവീഴുകയാണ്. ഭരണപരമായ പാളിച്ചയെന്നല്ല, നാടിനോടും ജനങ്ങളുടെ ജീവനോടും കാട്ടിയ കടുത്ത അനീതിയും കുറ്റകരമായ അനാസ്ഥയുമാണിതെന്നു പറയേണ്ടിവരും. പത്തുവർഷത്തിനിടെ സംസ്ഥാനത്തെ 215 സർക്കാർ ആശുപത്രികളിലായി 1252 ഉപകരണങ്ങളാണ് ഒരു ഉപയോഗവുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ 222 എണ്ണം പാക്കിങ്ങുപോലും പൊട്ടിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വെന്റിലേറ്ററിനായി സ്വകാര്യ ആശുപത്രികളിലേക്ക് ഉറ്റവർ നെട്ടോട്ടമോടുമ്പോൾ, 27 സർക്കാർ ആശുപത്രികളിലായി 198 അത്യാധുനിക വെന്റിലേറ്ററുകളാണ് സ്റ്റോർമുറികളിൽ വിശ്രമിക്കുന്നത്. 2017 ഓഗസ്റ്റിൽ കൊല്ലം കൊട്ടിയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്് അഞ്ച് ആശുപത്രികളിലെത്തിച്ചിട്ടും വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച മുരുകനെ നമുക്ക് ഒരുനിമിഷം ഓർക്കാം.
കോവിഡു കാലത്ത് രോഗികളുടെ ജീവൻ രക്ഷിക്കാൻ തിരക്കിട്ടുവാങ്ങിയ 592 ഉപകരണങ്ങൾ ഇന്ന് അടച്ചിട്ട വാർഡുകളിലും ഇരുളടഞ്ഞ മുറികളിലും കിടക്കുന്നു. ‘കോവിഡിനുശേഷം ആവശ്യമില്ല’ എന്ന ഔദ്യോഗിക കുറിപ്പോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ 21 വെന്റിലേറ്ററുകൾ നാലുവർഷമായി മാറ്റിയിട്ടിരിക്കുന്നതുമാത്രംമതി പിടിപ്പുകേടിന്റെ ആഴം മനസ്സിലാക്കാൻ. കെട്ടിടമോ വൈദ്യുതി കണക്ഷനോ ഒരുങ്ങാത്തതുമൂലംമാത്രം 12 ജില്ലകളിലെ 36 ആരോഗ്യസ്ഥാപനങ്ങളിലായി 232 അത്യാധുനിക ഉപകരണങ്ങളാണ് അനാഥമായിക്കിടക്കുന്നത്. ഇതിൽ 108 എണ്ണം സ്ഥാപിച്ചിട്ടുപോലുമില്ല. 45 ഐ.സി.യു. കട്ടിലുകളും 12 വെന്റിലേറ്ററുകളും ഏഴ് ഡയാലിസിസ് യന്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഉപകരണങ്ങളും കെട്ടിടവും ഉണ്ടായിട്ടും അവ പ്രവർത്തിപ്പിക്കാൻ ഡോക്ടറോ നഴ്സോ സാങ്കേതിക വിദഗ്ധരോ ഇല്ലാത്തതിനാൽ 10 ജില്ലകളിലെ 22 സർക്കാർ ആശുപത്രികളിൽ 129 ജീവൻരക്ഷാ ഉപകരണങ്ങൾ നോക്കുകുത്തിയായി കിടക്കുന്നു. ഇതിൽ 22 വെന്റിലേറ്ററുകളും കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തേണ്ട 64 ശിശുതീവ്രപരിചരണ ഉപകരണങ്ങളും ഉൾപ്പെടുന്നു.
ഈ പട്ടിക പരിശോധിച്ചാൽ അലംഭാവത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും നേർച്ചിത്രമാണ് കാണാനാവുക. കോവിഡ് കാലത്ത് 1.75 കോടിരൂപവീതം ചെലവഴിച്ച ഐസൊലേഷൻ വാർഡുകളുടെ തകരഷീറ്റ് മേൽക്കൂരയിൽ ഒരു ഫാൻ തൂക്കാൻപോലും ബലമില്ലെന്ന് ആരോഗ്യമന്ത്രിതന്നെയാണ് വെളിപ്പെടുത്തിയത്. ഒരു പദ്ധതിയുടെ ദുരന്തം ഇതിലും വ്യക്തമായി വരച്ചുകാട്ടാനാവില്ല. 450 കോടി രൂപ എന്നത് ഈ നഷ്ടത്തിന്റെ ഒരുഭാഗം മാത്രമാണ്. വെന്റിലേറ്ററും ഐ.സി.യു.വും തേടി മെഡിക്കൽ കോളേജുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും ഓടേണ്ടിവരുന്ന രോഗിയുടെ ദുരിതത്തിന് എന്തുവിലയിടും. സമയത്ത് ചികിത്സകിട്ടാതെ പൊലിഞ്ഞ ജീവനുകളുടെ മൂല്യം എങ്ങനെ അളക്കും. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞിട്ടുണ്ട്. സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ധരടങ്ങുന്ന ഒരു സമിതി ഉടൻതന്നെ രൂപവത്കരിക്കണം. അന്വേഷണത്തിൽ, പൊതുപണം പാഴാക്കിയതിന് ഉത്തരവാദികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം.
ആശുപത്രികളിൽ ഒട്ടേറെ കെട്ടിടങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന കണക്കുകൾകൊണ്ടുമാത്രം കാര്യമില്ല. രോഗിക്ക് അവ പ്രയോജനപ്പെടുമ്പോഴാണ് പൊതുനിക്ഷേപം അർഥവത്താകുന്നത്.