അധ്യാപകരോട് അനുഭാവമാകാം

സ്കൂളധ്യാപകരുടെ സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്ന കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) വിഷയത്തിൽ നീതിയുക്തവും മാനുഷികവുമായ പരിഹാരംകാണാൻ സമയം വൈകിയിരിക്കുന്നു. ‘കെ-ടെറ്റ്’ യോഗ്യത നേടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സർക്കുലർ പരിഭ്രാന്തിയുടെ അന്തരീക്ഷത്തിൽ തീ ചൊരിയുകയുണ്ടായി. അധ്യാപകരുടെയും സ്കൂൾ മാനേജർമാരുടെയും പ്രതിഷേധത്തിന്റെ വെളിച്ചത്തിൽ സർക്കുലർ പിൻവലിച്ചെങ്കിലും അത് അനിശ്ചിതത്വത്തിന് വിരാമമിടുന്നില്ല. കൂടുതൽ കൂടിയാലോചനകൾക്കുശേഷം, പരിഷ്കരിച്ച സർക്കുലർ ഇറക്കുമെന്നാണ് അധികൃതർ പറയുന്നത്.

പൊതുവിദ്യാലയങ്ങളിലെ അഞ്ചുവർഷത്തിലേറെ സർവീസ് ബാക്കിയുള്ള അധ്യാപകരെല്ലാം ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(ടെറ്റ്) എന്ന യോഗ്യതാപരീക്ഷ പാസാകണമെന്ന് 2025 സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി വിധിച്ചത്. ഇതുവരെ ഈ യോഗ്യത നേടാത്തവർ രണ്ടുവർഷത്തിനകം പരീക്ഷ പാസാകണമെന്നായിരുന്നു നിർദേശം. അതിനു സാധിക്കാത്തവരെ സർവീസിൽനിന്നു പുറത്താക്കണമെന്നും ഉത്തരവിട്ടു. അഞ്ചുവർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർപോലും സ്ഥാനക്കയറ്റം വേണമെങ്കിൽ ‘ടെറ്റ്’ യോഗ്യത നേടിയിരിക്കണമെന്നും സുപ്രീംകോടതി വിധിച്ചു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ(ആർ.ടി.ഇ.)മനുസരിച്ച് 2010 മുതൽതന്നെ രാജ്യത്തെ എട്ടാംക്ലാസുവരെയുള്ള അധ്യാപകർക്ക് ‘ടെറ്റ്’ യോഗ്യത നിഷ്‌കർഷിച്ചിട്ടുള്ളതാണ്. ഇതു ശക്തമായി നടപ്പാക്കാൻ വഴിയൊരുക്കുകയാണ് 2025 സെപ്റ്റംബറിലെ വിധിയിലൂടെ സുപ്രീംകോടതി ചെയ്തത്.

കേരളത്തിൽ കെ-ടെറ്റ് യോഗ്യതാപരീക്ഷ തുടങ്ങിയത് 2012-ലാണ്. കെ-ടെറ്റ് ഇല്ലാത്ത ഒട്ടേറെപ്പേർക്ക് അതിനുശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനം നൽകുകയുംചെയ്തു. നിയമപിൻബലമില്ലാത്ത ഇളവുകൾ സംസ്ഥാനസർക്കാർ സ്വന്തം നിലയ്ക്കു നൽകിയാണ് ഇതിനു വഴിയൊരുക്കിയത്. സെറ്റ്, നെറ്റ് തുടങ്ങി ഉയർന്ന യോഗ്യതയുള്ളവരെ ‘ടെറ്റി’ൽനിന്ന് ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. 2025 സെപ്റ്റംബറിലെ സുപ്രീംകോടതിയുത്തരവ് ‘ടെറ്റ്’ യോഗ്യതയില്ലാതെ സർവീസിൽ തുടരുന്ന എല്ലാവരെയും പ്രതിസന്ധിയിലാക്കി. കെ-ടെറ്റ് നടപ്പാക്കിത്തുടങ്ങിയ 2012-നുമുൻപ് ജോലിയിൽ പ്രവേശിച്ചവരും പരീക്ഷ പാസാകണമെന്നായിരുന്നു കോടതിയുടെ നിഷ്‌കർഷ. നെറ്റ്, സെറ്റ്, എം.ഫിൽ., പിഎച്ച്.ഡി. യോഗ്യതയുള്ളവർക്കും ഇളവ് അനുവദിച്ചില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പിന്നീടു നൽകിയ പുനഃപരിശോധനാഹർജിയും സുപ്രീംകോടതി തള്ളി. എന്നാൽ, ‘ടെറ്റ്’ യോഗ്യത നേടാനുള്ള സമയപരിധി ഒരുവർഷത്തേക്കുകൂടി നീട്ടുകയുണ്ടായി.

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആയിരക്കണക്കിന് അധ്യാപകർ ഇനിയും ‘കെ-ടെറ്റ്’ യോഗ്യത നേടാത്തവരായുണ്ട്. പത്തും ഇരുപതും വർഷമൊക്കെ ജോലിയിലേർപ്പെട്ടവർ സർവീസിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം സന്തോഷകരമല്ല. മാത്രമല്ല, ഇവർ ഇക്കാലംകൊണ്ടു സ്വരൂപിച്ച അധ്യാപനാനുഭവസമ്പത്ത് അധികയോഗ്യതയായും സമൂഹത്തിനുള്ള മുതൽക്കൂട്ടായും പരിഗണിക്കുന്നതിൽ തെറ്റില്ല. നിയമപരമായ ഏതു പരിഹാരവും തേടിക്കൊണ്ട്, നിലവിലുള്ള അധ്യാപകരുടെ ജോലിയും സ്ഥാനക്കയറ്റസാധ്യതകളും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഴി കണ്ടെത്തണം. അതോടൊപ്പം, ഇനിയങ്ങോട്ടുള്ള സ്കൂളധ്യാപകനിയമനങ്ങൾ കർക്കശമായും ‘കെ-ടെറ്റ്’ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുന്നതിൽ സർക്കാരും സ്വകാര്യസ്കൂൾ മാനേജ്‌മെന്റുകളും നിർബന്ധബുദ്ധി പുലർത്തണം.