സൈബറിടത്തെ മുള്ളുകൾ

സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്ക് ഉത്തേജനംപകരുന്നെന്നത് നിസ്തർക്കമാണ്. കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ മുന്നേറ്റം ആധുനികജീവിതത്തെ എത്രമാത്രം ആയാസരഹിതമാക്കിയിട്ടുണ്ടെന്നത് വാക്കുകളാൽ വിസ്തരിക്കാനായേക്കില്ല. മറുവശത്ത്, ഇത്തരം മുന്നേറ്റങ്ങൾതന്നെ വലിയതോതിലുള്ള തട്ടിപ്പുകൾക്കും ചതികൾക്കും സുരക്ഷാ-സ്വകാര്യതാ ലംഘനങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്. ഇത്തരത്തിലുള്ള മൂന്നു വാർത്തകളാണ് ഇക്കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്യപ്പെട്ടത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിലെ 3897 ഇടപാടുകാരുടെ സ്വകാര്യവിവരങ്ങൾ ഇന്റർനെറ്റിലെ അധോലോകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിൽ ചോർന്നതാണ് ഒരു വാർത്ത. ഇടപാടുകാരുടെ മൊബൈൽ നമ്പർ, ജനനത്തീയതി, ലിംഗപദവി, മേൽവിലാസം, ഇ-മെയിൽ വിലാസം, വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബ്രാഞ്ച് വിവരങ്ങൾ എന്നിവ ചോർന്നതായി കരുതുന്നു. ബാങ്കിന്റെ ദൈനംദിനപ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചില്ലെങ്കിലും ഈ വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണ്. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്ന് എസ്.ബി.ഐ. അറിയിച്ചു. എ.ഐ. അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡേറ്റാഭേദനമാണ് നടന്നിരിക്കുന്നത്.

രാജ്യത്തെ ഡിജിറ്റൽ സർട്ടിഫിക്കേഷൻ രംഗത്തെ ആധികാരികസ്ഥാപനമായ ‘ഇ-മുദ്ര’യുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ചയാണ് മറ്റൊരു വാർത്ത. വെബ് സെക്യൂരിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡിജിറ്റൽ സിഗ്നേച്ചറുകൾ തയ്യാറാക്കുന്നതിനുമുള്ള അംഗീകൃത കമ്പനിയാണ് ഇ-മുദ്ര. വെബ്‌സൈറ്റുകൾ യഥാർഥമാണോ എന്നറിയാൻ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്‌സ് തുടങ്ങിയ ഇന്റർനെറ്റ് ബ്രൗസറുകൾ വെബ് സെക്യൂരിറ്റി സർട്ടിഫിക്കറ്റുകളാണു പരിശോധിക്കുന്നത്. സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ യഥാർഥമെന്നു തോന്നിപ്പിക്കുന്നതരത്തിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത് തടയാൻ ബ്രൗസറുകൾ നടപടി സ്വീകരിച്ചിട്ടുണ്ട്.

സാധാരണഗതിയിലുള്ള ഡേറ്റാഭേദനമല്ലെങ്കിലും കേന്ദ്ര റോഡുഗതാഗത മന്ത്രാലയത്തിന്റെ വാഹൻ, സാരഥി ഡേറ്റാബേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വന്ന വാർത്തയും ആശങ്കാജനകമാണ്. ഈ ഡേറ്റാബേസുകളിലെ, വാഹന ഉടമകളെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ ആപ്പുകൾവഴി വ്യാപകമായി വിൽക്കുന്നതായി കണ്ടെത്തിയതാണ് വാർത്ത. 2024 ജനുവരിമുതൽ 2026 സെപ്റ്റംബർവരെയുള്ള കാലയളവിൽ ശേഖരിച്ച വിവരങ്ങളാണു ചോർന്നത്. ഇക്കാര്യം വെളിപ്പെട്ടതിനെത്തുടർന്ന്, ഈ ഡേറ്റാബേസുകളിൽനിന്ന് സ്വകാര്യകമ്പനികൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചു. സർക്കാരിന്റെ ഡേറ്റ പങ്കിടൽ നിയമമനുസരിച്ചാണ് ഇങ്ങനെ വിവരങ്ങൾ നൽകുന്നത്. വിവരങ്ങൾ ലഭിക്കുന്നതിന് നിയമപരമായ അംഗീകാരമുള്ള കമ്പനികളുടെ അനുമതിസങ്കേതങ്ങൾ ദുരുപയോഗംചെയ്താണ് ചോർത്തൽ നടന്നതെന്നാണു കണ്ടെത്തൽ.

സൈബർമേഖല വലിയ തട്ടിപ്പുകളുടെ കൂത്തരങ്ങായി ഇതിനകംതന്നെ മാറിയിട്ടുണ്ട്. സൈബറാക്രമണങ്ങളും ഡേറ്റാഭേദനങ്ങളുമൊക്കെ വ്യക്തികളുടെ സ്വകാര്യതയ്ക്കുമാത്രമല്ല, മാനവരാശിക്കാകെത്തന്നെ ഭീഷണിയാകാം. കഴിഞ്ഞയാഴ്ച ഫ്രാൻസിലെ നൂറിലേറെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്‌ജുകളും ഫ്രീസറുകളും ലക്ഷ്യമിട്ടു വൻ സൈബറാക്രമണം നടക്കുകയുണ്ടായി. ശീതീകരണസംവിധാനങ്ങളുടെ താപനില 50 ഡിഗ്രിയിലേറെ ഹാക്കർമാർ ഉയർത്തിയതോടെ വൻതോതിൽ ഭക്ഷണം നശിച്ചു. ചിലേടത്ത് തീപ്പിടിത്തവുമുണ്ടായി. ഇത്തരം ആക്രമണങ്ങൾ ഭക്ഷ്യസുരക്ഷയ്ക്കു പുതിയ വെല്ലുവിളിയാകുമെന്നാണു വിദഗ്ധർ പറയുന്നത്. ഇമ്മാതിരി ഭീഷണികളൊക്കെ നേരിടാൻ സാങ്കേതികവിദ്യയുടെ പുതിയ കുതിപ്പുകളിൽക്കൂടിത്തന്നെയേ സാധ്യമാകുകയുള്ളൂ. മുള്ളുകൊണ്ടുതന്നെ മുള്ളിനെ എടുക്കണമെന്ന് അർഥം.