പ്രധാനമന്ത്രിയുടെ പരിഭവം

നികുതിയിളവുകളും മറ്റു സഹായസൗജന്യങ്ങളുമൊക്കെ നൽകിയിട്ടും രാജ്യത്തെ വൻകിട സ്വകാര്യകമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഭവം വൈകിവന്ന വിവേകമെന്നു കരുതാം. രാജ്യത്തെ പ്രതിപക്ഷവും ചിന്തകരുമൊക്കെ എത്രയോ കാലമായി പറയുന്ന കാര്യമാണ് പ്രധാനമന്ത്രി ഇപ്പോൾ വ്യവസായപ്രമുഖർക്കുമുൻപിൽ പരാതിയായി അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നതും സാമ്പത്തിക അസമത്വം വർധിക്കുന്നതും പച്ചയായ യാഥാർഥ്യമാണ്. സ്വകാര്യമേഖലയിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകളാകട്ടെ, നിലവാരമോ സുരക്ഷിതത്വമോ ഇല്ലാത്തതാണ്. ആകർഷകമായ അവസരങ്ങൾ കുറയുന്നതിൽ വിദ്യാർഥികളും യുവാക്കളും അസ്വസ്ഥരാണ്. സമീപകാലത്തെ യുവജനസമരങ്ങളുടെ അസാധാരണവിജയം ആ അസ്വാസ്ഥ്യത്തിന്റെയും ആശങ്കകളുടെയും അണപൊട്ടലായിരുന്നു. ഈ യാഥാർഥ്യം ഇപ്പോൾ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും മനസ്സിലാക്കുന്നുണ്ട്. അതാണ് വൻകിടവ്യവസായികളുടെ സംഘടനായ 'ഫിക്കി'യുടെ വാർഷികയോഗത്തിൽ പ്രധാനമന്ത്രിയുടെ രോഷപ്രകടനത്തിനുള്ള കാരണം.

ഏതാണ്ടൊരു പതിറ്റാണ്ടായി ഇന്ത്യയുടെ സാമ്പത്തികമാതൃക സദ്ഫലങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി യു.എസിലെ കൊളംബിയ സർവകലാശാലയിലെ സംവാദത്തിൽ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ 'ഫിക്കി' പ്രസംഗമുണ്ടായതെന്നത് ഒരുപക്ഷേ, യാദൃച്ഛികമാകാം."ഇന്ത്യയിലെ തൊഴിലില്ലായ്മാപ്രശ്‌നം കടുത്തതാണ്. ഉത്പാദനമേഖല ക്ഷീണത്തിലാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങളും കൃഷിയുമാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല്. തൊഴിലുകൾ വിപുലമായി സൃഷ്ടിക്കാൻകഴിയുന്ന മേഖലകൾ ഇവയാണ്. ഈ നട്ടെല്ല് പക്ഷേ, തകർന്നിരിക്കുന്നു"- രാഹുൽ പറഞ്ഞു. ഉത്പാദനമേഖലയെ പുനരുജ്ജീവിപ്പിക്കാതെ രാജ്യത്ത് സ്ഥായിയായ സാമ്പത്തികവളർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി., ടൂറിസം, ബാങ്കിങ് എന്നിവയൊക്കെയടങ്ങുന്ന സേവനമേഖലയ്ക്ക് രാജ്യത്തെ തൊഴിൽശക്തിയെ ഉൾക്കൊള്ളാനുള്ള പാങ്ങില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. ഉചിതമായ വാക്കുകൾ, വ്യക്തമായ കാഴ്ചപ്പാട്.

കഴിഞ്ഞവർഷങ്ങളിൽ രാജ്യത്തിന് ഭേദപ്പെട്ട സാമ്പത്തികവളർച്ച കൈവരിക്കാനായെങ്കിലും തൊഴിലവസരങ്ങൾ കൂട്ടാനോ സാധാരണക്കാരുടെയും ദരിദ്രരുടെയും ജീവിതനിലവാരം ഉയർത്താനോ ഭരണകൂടത്തിനു സാധ്യമായിട്ടില്ല. സ്വകാര്യകമ്പനികൾ സർക്കാരിന്റെഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതല്ലാതെ, കുമിഞ്ഞുകൂടുന്ന തങ്ങളുടെ സമ്പത്ത് വിപണിയിലിറക്കുന്നില്ല. വിപണിയിൽ പണമിറങ്ങണമെങ്കിൽ സാധാരണക്കാർക്ക് തൊഴിൽ ലഭിക്കുകയും ശമ്പളം കൂടുകയുമൊക്കെ വേണം. എന്നാൽ, ഭരണകൂടത്തിന്റെ ലാളനയേറ്റുവാങ്ങുന്ന സ്വകാര്യകമ്പനികൾ തൊഴിലവസരങ്ങൾ കാര്യമായി കൂട്ടുകയോ തങ്ങളുടെ ജീവനക്കാർക്കുള്ള ശമ്പളം വർധിപ്പിക്കുകയോ ചെയ്യുന്നില്ല. വിപണിയിൽ പണമിറങ്ങിയില്ലെങ്കിൽ സാമ്പത്തികവളർച്ചയിലെ കുതിപ്പ് എങ്ങനെ നിലനിർത്താനാകുമെന്ന ചോദ്യമാണ് ധനശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഈ ആധിതന്നെയാണ് പ്രധാനമന്ത്രി 'ഫിക്കി' സമ്മേളനത്തിൽ ചൊടിച്ചതിന്റെ രഹസ്യം. വൻകിട കമ്പനികളുടെ മൂലധനനിക്ഷേപത്തിലൂടെ, രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ ഉശിരൻ കണക്കുകൾ നിരത്താൻ കുറെക്കാലമൊക്കെ സാധിച്ചേക്കും. പക്ഷേ, സമ്പത്തിന്റെ നീതിപൂർവമായ വിതരണമുണ്ടായില്ലെങ്കിൽ സമ്പദ്ഘടനയുടെ വീറ് ക്രമേണ ചോർന്നുപോകുമെന്നതാണ് വസ്തുത. ഇതു നമ്മുടെ ഭരണകർത്താക്കൾ കുറേശ്ശെ മനസ്സിലാക്കി വരുന്നുണ്ടെന്നു തോന്നുന്നു.