കടിഞ്ഞാണില്ലാത്ത കുതിരയാവരുത് കിഫ്ബി

ബജറ്റിനു പുറത്തുനിന്ന് ധനസമാഹരണം നടത്തി കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പുതുവഴി വെട്ടാനാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുനഃസംഘടിപ്പിച്ചത്. എന്നാൽ, ഈ സംവിധാനം സംസ്ഥാനത്തിനുമേൽ ഇതിനകം 70,415 കോടി രൂപയുടെ ബാധ്യതയാണ് ചുമത്തുന്നതെന്നാണ് സുധാപിള്ള അധ്യക്ഷയായ വിദഗ്ധസമിതിയുടെ കണ്ടെത്തൽ. സ്വന്തംനിലയിൽ വരുമാനം കണ്ടെത്താൻ കഴിയുന്ന പദ്ധതികളിലൂടെ വായ്പകളുടെ തിരിച്ചടവ് സാധ്യമാക്കുക എന്നതായിരുന്നു കിഫ്ബിയുടെ അടിസ്ഥാന തത്ത്വം. എന്നാൽ, ഏറ്റെടുത്ത പദ്ധതികളിൽ വെറും 21 ശതമാനത്തിനുമാത്രമാണ് വരുമാനസാധ്യതയുള്ളത്. ബാക്കി 79 ശതമാനവും വരുമാനമില്ലാത്തവയായതോടെ, വായ്പാതിരിച്ചടവിന്റെ 99.4 ശതമാനവും പൊതുഖജനാവിൽനിന്ന് നേരിട്ട് നൽകേണ്ട ഗതികേടിലായി.
കിഫ്ബി നടപ്പാക്കിയ 48,574 കോടി രൂപയുടെ പദ്ധതികൾക്കായി ചെലവഴിക്കേണ്ടിവന്നത് 61,678 കോടിയാണ്. ഇതേ വികസനപദ്ധതികൾ സർക്കാർ വകുപ്പുകൾ നേരിട്ട് ബജറ്റുവഴി ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തിന് 13,103 കോടി രൂപ ലാഭിക്കാമായിരുന്നെന്ന് സമിതി വ്യക്തമാക്കുന്നു. ഇതിനുപുറമേ, കിഫ്ബിയുടെ ഓഫ്-ബജറ്റ് കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയും തിരിച്ചടിയായി. 25,932.55 കോടിയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയിൽ വരുത്തിയത്. പെട്രോൾ, ഡീസൽ സെസും മോട്ടോർവാഹന നികുതി വിഹിതവുമായി 26,265.93 കോടി കിഫ്ബിയിലേക്ക് വകമാറ്റിയതും കൂടിയായപ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് കനത്തപ്രഹരമായി.
ഉയർന്നപലിശനിരക്കിൽ കിഫ്ബി വായ്പയെടുത്തതുവഴിമാത്രം ഇതുവരെ 1250 കോടിയുടെ അധികച്ചെലവാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. മസാലബോണ്ട് വഴി സർക്കാരിനുണ്ടായ അധികച്ചെലവ് 181.73 കോടിയാണ്. ഇതിലും വിചിത്രമായ വസ്തുത, ഉയർന്നപലിശയ്ക്ക് സർക്കാർ ഗാരന്റിയിൽ കടമെടുത്ത പണം യഥാസമയം വിനിയോഗിക്കാതെ 3000 കോടിയുടെ തിരിച്ചടവ് ഫണ്ട് ഉൾപ്പെടെ 10,000 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ വെറുതേ നിക്ഷേപിച്ചു എന്നതാണ്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തലുകൾ പ്രഥമദൃഷ്ട്യാതന്നെ ഗൗരവതരമാണ്. കണ്ണൂരിൽ വിപണിവിലയെക്കാൾ അഞ്ചിരട്ടിവരെ അധികതുകനൽകി ഭൂമി ഏറ്റെടുത്തു. കിൻഫ്ര വഴി 2489 കോടി ചെലവിട്ട് ഏറ്റെടുത്ത 1000 ഏക്കറോളം ഭൂമി കഴിഞ്ഞ അഞ്ചുവർഷമായി ഒരു വിനിയോഗവുമില്ലാതെ കാടുകയറിക്കിടക്കുമ്പോഴാണ്, വീണ്ടും 3829 ഏക്കർ ഏറ്റെടുക്കാൻ 9572 കോടി നീക്കിവെച്ച് വിജ്ഞാപനമിറക്കിയത്.പരസ്യങ്ങൾക്കായി 203.72 കോടി ചെലവിട്ടതും അനുവദിച്ച 40 തസ്തികകളുടെ സ്ഥാനത്ത് ധനവകുപ്പിന്റെ അനുമതിയില്ലാതെ 498 ജീവനക്കാരെ നിയമിച്ചതുമെല്ലാം പരിശോധിക്കേണ്ടതാണ്. കിഫ്ബിയുടെ സി.ഇ.ഒ.തന്നെ സർക്കാരിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറിയായി ഇരുന്നതും കമ്മിറ്റി വിമർശിച്ചിട്ടുണ്ട്.
കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ രാഷ്ട്രീയവിവാദമായിമാത്രം ഒതുങ്ങരുത്. വിദഗ്ധസമിതിയുടെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുകയും കണ്ടെത്തലുകൾക്ക് സർക്കാർ നൽകുന്ന മറുപടികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണം. ക്രമക്കേട് തെളിയിക്കുന്ന രേഖകൾ ലഭിച്ചാൽ ഉത്തരവാദികൾക്കെതിരേ നിയമാനുസൃത നടപടിയും വേണം. മുതലും പലിശയുമായി തിരിച്ചടയ്ക്കാനുള്ള 70,415 കോടിയുടെ ബാധ്യത നേരിടാൻ നിലവിലെ പദ്ധതികൾ സംസ്ഥാന ബജറ്റിന്റെ ഭാഗമാക്കി ധനവകുപ്പ് പൂർത്തിയാക്കണം. കഴിഞ്ഞ 10 വർഷത്തെ കിഫ്ബി പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര പെർഫോമൻസ് ഓഡിറ്റ് നടത്തണം.
കിഫ്ബിയുടെ കടബാധ്യതയുടെ കാലാവധി, പലിശനിരക്ക്, തിരിച്ചടവിന്റെ സമയക്രമം, സർക്കാർ ഗാരന്റികൾ, ശേഷിക്കുന്ന പദ്ധതികളുടെ ചെലവ് എന്നിവ ഉൾപ്പെടുത്തിയ ഒരു ഏകീകൃത ധനകാര്യപദ്ധതി സർക്കാർ പ്രസിദ്ധീകരിക്കണം. ഭാവിയിൽ വലിയ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് സഹായധനം നൽകേണ്ടത് ബജറ്റ് വിഹിതം, ദീർഘകാല വായ്പ, കേന്ദ്രസഹായം, അനുയോജ്യമായ മേഖലകളിലെ സ്വകാര്യപങ്കാളിത്തം തുടങ്ങിയ മാർഗങ്ങൾ താരതമ്യം ചെയ്തശേഷമാകണം. ഓരോ പദ്ധതിക്കും ചെലവ് ഏറ്റവുംകുറഞ്ഞ മാർഗം തിരഞ്ഞെടുക്കണം.