എക്‌സൈസ് വകുപ്പിലെ ജീർണത

സംസ്ഥാന ഭരണകൂടത്തിൽ എക്‌സൈസ് വകുപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി ഏവർക്കും അറിയാം. സർക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വകുപ്പുകളിലൊന്ന് എന്നതുതന്നെയാണ് ഈ പ്രാധാന്യത്തിന്റെ അടിസ്ഥാനം. ബാറുകളുടെയും ക്ലബുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് ഫീ ഇനത്തിൽ കോടികളാണു കിട്ടുന്നത്. കള്ളുഷാപ്പുകളുടെ ലൈസൻസിനത്തിലും കോടികൾ ഖജനാവിലെത്തും. സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ മൊത്തക്കച്ചവടം എക്‌സൈസ് വകുപ്പിനുകീഴിലുള്ള ബെവറജസ് കോർപ്പറേഷൻവഴിയാണ്. ഇതിലൂടെമാത്രം കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനഖജനാവിലെത്തിയത് എണ്ണായിരം കോടിയിലേറെ രൂപയാണ്. ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുടെ വരവോടെ, സംസ്ഥാനസർക്കാരിന് നേരിട്ട് നികുതി പിരിക്കാവുന്ന ചുരുക്കം വസ്തുക്കളിലൊന്നാണ് മദ്യം. അങ്ങനെ ഏതുനിലയ്ക്കും ഏതു നിറത്തിലുള്ള സർക്കാരിനും മർമപ്രധാനമാണ് എക്‌സൈസ് വകുപ്പ്.

സർക്കാരിന്റെ കറവപ്പശുവെന്നതുപോലെ, ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരുടെയുമൊക്കെ താത്പര്യസ്ഥാനവുമാണ് ഈ വകുപ്പ്. ബാറുടമകളും മറ്റുമൊക്കെ ലഹരിവിറ്റു നേടുന്ന പണത്തിൽ പങ്കുപറ്റാൻ ഇത്തിൾക്കണ്ണിക്കളായി എക്‌സൈസ് ഉദ്യോഗസ്ഥരടക്കമുള്ളവരുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരെന്നല്ല. പക്ഷേ, എത്രയോ കാലമായി എക്‌സൈസ് വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാണ്. ഉദ്യോഗസ്ഥർക്ക് മാസപ്പടി, ഉത്സവകാലത്ത് അധികപ്പിരിവ്, രാഷ്ട്രീയനേതാക്കളും മദ്യവ്യാപാരികളുംതമ്മിലുള്ള അവിശുദ്ധബന്ധങ്ങൾ, ബിസിനസ് സുഗമമാക്കാൻ ഇടനിലക്കാരുടെ സാന്നിധ്യം, ബാർനടത്തിപ്പിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ബിനാമിപങ്കാളിത്തം തുടങ്ങി ജീർണിച്ച അവസ്ഥയാണ്. ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡുചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അന്നത്തെ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവു നേരിട്ടുനടത്തിയ ‘ഓപ്പറേഷൻ ബിജാപുർ’ എന്ന അന്വേഷണദൗത്യത്തിലാണ് ഉദ്യോഗസ്ഥർ പിടിക്കപ്പെട്ടത്.

കോട്ടയം ജില്ലയിലെ ചില ബാർ ഹോട്ടലുകളിൽനിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പണവും മദ്യവും മറ്റു പാരിതോഷികങ്ങളും ചോദിച്ചുവാങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷണറുടെ രഹസ്യപരിശോധന. അന്വേഷണദൗത്യത്തിന് എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ പിന്തുണയുണ്ടായിരുന്നതായാണു വിവരം. എന്നാലിപ്പോൾ മന്ത്രിയുമായുള്ള ചില ഭിന്നതകൾകാരണം എക്‌സൈസ് കമ്മിഷണർസ്ഥാനത്തുനിന്ന് സീറാം സാംബശിവറാവു തെറിച്ചിരിക്കുകയാണ്. സർക്കാരിന്റെ അറിവില്ലാതെ ചില ബാർ ലൈസൻസുകൾ അനുവദിച്ച രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചതാണ് ഇദ്ദേഹത്തിനു വിനയായത്.

കമ്മിഷണർപദവിയിൽനിന്നു നീക്കാൻ സർക്കാർ ഉത്തരവിട്ട ദിവസം, സ്ഥാനമൊഴിയുന്നതിനു തൊട്ടുമുൻപ് സീറാം സാംബശിവറാവു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയ ഒരു റിപ്പോർട്ട് വാർത്തകളിൽ സ്ഥാനംപിടിച്ചിരിക്കുന്നു. എക്‌സൈസ് മന്ത്രി എം. ലിജുവിനും വകുപ്പിലെ ചില ഉന്നതോദ്യോഗസ്ഥർക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജോയിന്റ് എക്‌സൈസ് കമ്മിഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ് എന്നിവർ വലിയതോതിൽ കൈക്കൂലിവാങ്ങുന്നെന്നും മന്ത്രി ലിജുവിന് കായംകുളത്തെ ഒരു ബാറുടമയുമായി അടുത്ത പരിചയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ജീവനക്കാരുടെ സ്ഥലംമാറ്റത്തിലുൾപ്പെടെ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്നും കമ്മിഷണർ അറിയാതെ സ്ഥലംമാറ്റ ഉത്തരവുകൾ അംഗീകരിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സമീപകാലവിവാദങ്ങളുടെ പശ്ചാത്തലത്തിൽ എക്‌സൈസ് വകുപ്പിലെ അഴിമതികളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സീറാം സാംബശിവറാവുവിന്റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നാണു സൂചന. സാംബശിവറാവു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോർട്ടും അന്വേഷണപരിധിയിൽ വരണം. ആ റിപ്പോർട്ട് കേവലം പകപോക്കൽസ്വഭാവത്തിലുള്ളതാണെന്നു തള്ളിക്കളയാനാകില്ല. എക്‌സൈസ് വകുപ്പ് എല്ലാക്കാലത്തും അധാർമികതയുടെ വിളനിലമായി തുടർന്നുകൂടാ. അന്വേഷണത്തിൽ ആത്മാർഥതയുണ്ടാകട്ടെ.