സി.ജി.എച്ച്.എസിലെ ഡോക്ടർക്ഷാമം

ജനസംഖ്യാപരമായ പ്രവണതകളുടെ ഫലമായി കേരളത്തിൽ മുതിർന്ന പൗരരുടെ എണ്ണം വർധിച്ചുവരുകയാണ്. അടുത്ത കുറച്ചുകാലത്തേക്കെങ്കിലും മുതിർന്ന പൗരരുടെ സംഖ്യയിൽ കുതിച്ചുകയറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ആലോചനയിലും ശ്രമങ്ങളിലുമാണ് സംസ്ഥാന ഭരണാധികാരികളും നയരൂപകർത്താക്കളും. രജതസമ്പദ്വ്യവസ്ഥ(സിൽവർ ഇക്കണോമി)യെക്കുറിച്ചൊക്കെയുള്ള സംസാരങ്ങൾ നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെയൊരു അവസരത്തിൽ, പൊതുവേ ആശങ്കയ്ക്കിടനൽകാത്തൊരുവിഭാഗം മുതിർന്ന പൗരരെസംബന്ധിച്ച ആവലാതി ഉയർന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാർസർവീസിൽനിന്നു വിരമിച്ച, സ്റ്റാറ്റ്യൂട്ടറി പെൻഷൻ വാങ്ങുന്ന മുതിർന്ന പൗരർ സുസ്ഥിരജീവിതം നയിക്കുന്നവരാണ്. എന്നാൽ. കേന്ദ്രസർവീസിൽനിന്നു വിരമിച്ചവരുടെ കാര്യത്തിലാണ് ഇപ്പോൾ ഒരു പ്രശ്നം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്രസർക്കാരിനുകീഴിലെ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആവിഷ്കരിച്ച പദ്ധതിയെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. കേന്ദ്ര ആരോഗ്യപദ്ധതി(സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം- സി.ജി.എച്ച്.എസ്.) മുഖ്യമായും പെൻഷൻകാർക്ക് ആശ്രയവും ആശ്വാസവുമാണ്. കേരളത്തിൽ പദ്ധതിക്കുകീഴിലുള്ള വെൽനെസ് സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ഇവിടത്തെ കേന്ദ്ര പെൻഷൻകാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. ഗുണഭോക്താക്കൾ കുറവുള്ള മറ്റു സംസ്ഥാനങ്ങളിലെ സെന്ററുകളിൽ ഇരട്ടിയിലേറെ ഡോക്ടർമാരുണ്ടുതാനും. ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് പെൻഷനേഴ്സ് (സിവിൽ ആൻഡ് മിലിറ്ററി) നടത്തിയ അന്വേഷണത്തിലാണ് ഈ വ്യത്യാസം കണ്ടെത്തിയത്. സംഘടന കേന്ദ്ര ആരോഗ്യമന്ത്രിക്കു പരാതിനൽകിയിട്ടുണ്ട്.
എംപാനൽചെയ്ത ആശുപത്രികളിൽ പണമടയ്ക്കാതെയുള്ള ചികിത്സ, അടിയന്തരചികിത്സയ്ക്ക് റീഇംബേഴ്സ്മെന്റ്, ഒ.പി.യിൽ മരുന്ന് എന്നിവയാണ് സി.ജി.എച്ച്.എസ്. വഴി ലഭിക്കുന്നത്. വെൽനെസ് സെന്ററിലെ ഡോക്ടറുടെ റഫറൻസ് ഇതിനാവശ്യമാണ്. ആറായിരം ഗുണഭോക്താക്കളുണ്ടെങ്കിൽ ഒരു വെൽനെസ് സെന്റർ തുടങ്ങാമെന്നാണ് കേന്ദ്രനയം. തിരുവനന്തപുരത്ത് മൂന്നും കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ സെന്ററുമുണ്ട്. കൊല്ലത്ത് ജനുവരിയിൽ പുതിയ സെന്റർ തുടങ്ങും.
തിരുവനന്തപുരത്തെ കേശവദാസപുരം സെന്ററിൽ 25,631 ഗുണഭോക്താക്കളുണ്ട്, വഞ്ചിയൂരിൽ 22,139, ശാസ്തമംഗലത്ത് 14,523. കൊച്ചിയിൽ 19,036. ഈ നാലിടത്തും രണ്ടു ഡോക്ടർമാർവീതമേയുള്ളൂ. ഓരോ സെന്ററിലും ദിവസവും 250-ലേറെപ്പേരെത്തുന്നുണ്ട്. ചെന്നൈ അണ്ണാനഗറിൽ 21,906 ഗുണഭോക്താക്കൾക്ക് എട്ടും കെ.കെ. നഗറിൽ 21,639 പേർക്ക് പതിമ്മൂന്നും ഡോക്ടർമാരുണ്ട്. ഡൽഹിയിൽ സൗത്ത് അവന്യൂവിലെ 3,504 പേർക്ക് ആറ്. 1,775 ഗുണഭോക്താക്കൾമാത്രമുള്ള പാർലമെന്റ് ഹൗസ് അനക്സിൽ 35 ഡോക്ടർമാരുണ്ട്. കേരളത്തിൽ സി.ജി.എച്ച്.എസിന്റെ ആറു സെന്ററുകളിലായി 94,070 ഗുണഭോക്താക്കൾക്ക് 17 ഡോക്ടർമാരേയുള്ളൂ.
സംസ്ഥാനത്ത് സി.ജി.എച്ച്.എസിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രക്രിയക്ക് കേന്ദ്രസർക്കാർ എത്രയുംവേഗം തുടക്കമിടണം. സ്ഥിരം ഡോക്ടർമാരെത്തുന്നതുവരേക്ക് കരാറടിസ്ഥാനത്തിൽ താത്കാലികനിയമനം നടത്തുന്നത് നന്നാകും. കേരളത്തിലെ ജീവനക്കാരോടും വിശിഷ്യാ, പെൻഷൻകാരോടും കേന്ദ്രസർക്കാർ അവഗണന കാട്ടരുത്.