തടയാം റാഗിങ്

റാഗിങ്ങിനെക്കുറിച്ചുള്ള വാർത്തകൾ എപ്പോഴും സങ്കടം ജനിപ്പിക്കുന്നതാണ്. കാമ്പസിലെ വിക്രിയകൾ പരിധിവിടുമ്പോൾ സംഭവിക്കുന്ന ദുരന്തം. റാഗിങ്ങിന് ഇരയാകുന്ന കുട്ടി നേരിടേണ്ടിവരുന്ന പീഡനവും മാനസികത്തകർച്ചയും. പീഡനമേൽപ്പിക്കുന്നതിൽ പ്രകടമാകുന്നത് അപക്വതയെക്കാൾ, ക്രൗര്യംതന്നെ. 2024-ൽ വയനാട് പൂക്കാട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥൻ എന്ന വിദ്യാർഥി റാഗിങ്ങിന്റെപേരിൽ വേദനാഭരിതമായ പീഡനത്തിനിരയായി ആത്മഹത്യചെയ്ത സംഭവം നമുക്കൊരിക്കലും മറക്കാനാകില്ല.

1998-ൽ റാഗിങ് നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതിലെ നാലാംവകുപ്പുപ്രകാരം പ്രതികൾക്ക് രണ്ടുവർഷംവരെ തടവുശിക്ഷ വിധിക്കാം. എന്നാൽ, ഒറ്റക്കേസിൽമാത്രമേ ഇപ്രകാരം ശിക്ഷ വിധിച്ചിട്ടുള്ളൂ. അതു പക്ഷേ, റാഗിങ്ങിന്റെപേരിൽ ബലാത്സംഗംകൂടി നടന്ന സംഭവമായിരുന്നു. 2005-ൽ കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ ഒന്നാംവർഷ ബി.എസ്‌സി. നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു സീനിയർ വിദ്യാർഥികൾക്ക് പത്തുവർഷവും ഒരു വിദ്യാർഥിക്ക് മൂന്നുവർഷവും തടവാണു കോടതി വിധിച്ചത്. റാഗിങ് നിരോധന നിയമത്തിലെ നാലാംവകുപ്പുകൂടി ചേർത്തായിരുന്നു ശിക്ഷ. റാഗിങ് നിരോധിച്ച് സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചത് 2001-ലാണ്. 2009-ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ(യു.ജി.സി.) കോളേജുകളിൽ റാഗിങ് തടയാനുള്ള ചട്ടങ്ങൾ കൊണ്ടുവന്നു. ഇതൊന്നും പക്ഷേ, വേണ്ടത്ര ഫലവത്തായില്ലെന്നു നിഗമനത്തിലെത്തിയാൽ തെറ്റുപറയാനില്ല.

ഈ പശ്ചാത്തലത്തിലാണ് 1998-ലെ റാഗിങ് നിരോധനനിയമം ഭേദഗതിചെയ്യാൻ കേരളം ഒരുങ്ങുന്നത്. ഭേദഗതിനിയമത്തിന്റെ കരട് ഏറക്കുറെ തയ്യാറായിട്ടുണ്ട്. ഇത് നിയമമാകാനുള്ള കാലതാമസം കണക്കിലെടുത്ത്, കരടിലെ പ്രധാനവ്യവസ്ഥകൾ രണ്ടാഴ്ചയ്ക്കകം മാർഗനിർദേശങ്ങളായി പുറപ്പെടുവിക്കാൻ സംസ്ഥാനസർക്കാരിനോടു നിർദേശിച്ചിരിക്കുകയാണ്, കേരള ഹൈക്കോടതി. ഡിജിറ്റൽ രീതികളുപയോഗിച്ചുള്ള റാഗിങ്ങും മറ്റു പീഡനങ്ങളും കരടുനിയമത്തിന്റെയും നിർദിഷ്ട മാർഗനിർദേശങ്ങളുടെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് 1998-ലെ നിയമത്തെ അപേക്ഷിച്ചുള്ള പ്രധാന മാറ്റം. വിദ്യാലയങ്ങൾക്കുള്ളിൽമാത്രമല്ല, പുറത്തു നടക്കുന്ന റാഗിങ്ങും ശിക്ഷാർഹമാണ്. ഇതുസംബന്ധിച്ച് 1998-ലെ നിയമത്തിലെ വ്യവസ്ഥയിൽ ഹർജിഭാഗം നിർദേശിച്ച ഭാഷാപരമായ തിരുത്തൽ കോടതി ശരിവെച്ചു. റാഗിങ് പരാതി ലഭിച്ചാൽ വിദ്യാലയമേധാവികൾ 24 മണിക്കൂറിനകം പോലീസിനു കൈമാറണമെന്നും ആരോപണവിധേയരെ ഉടനടി സസ്പെൻഡുചെയ്യണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. 1998-ലെ നിയമത്തിൽ ഇതിന് ഏഴുദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. സ്ഥാപനമേധാവി പരാതി മറച്ചുവെക്കുന്നപക്ഷം, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിച്ചതായി കണക്കാക്കി ക്രിമിനൽനടപടി കൈക്കൊള്ളുമെന്ന 1998-ലെ വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ആരോപണവിധേയരെ കോടതി ശിക്ഷിക്കുന്നപക്ഷം വിദ്യാലയത്തിൽനിന്ന് ഉടനടി പുറത്താക്കണമെന്നും മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും വ്യവസ്ഥയുണ്ട്. ഇതും 1998-ലെ നിയമത്തിലുള്ളതാണ്.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി(കെൽസ) നൽകിയ പൊതുതാത്പര്യഹർജിയുടെ അടിസ്ഥാനത്തിലാണ്, മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി സംസ്ഥാനസർക്കാരിനു നിർദേശം നൽകിയത്. ചൊവ്വാഴ്ച കോടതി വിഷയം പരിഗണിച്ചപ്പോൾ, റാഗിങ്ങിനുള്ള ശിക്ഷ വർധിപ്പിക്കാനുള്ള വ്യവസ്ഥ നിർദിഷ്ട മാർഗനിർദേശങ്ങളിൽ ഇല്ലെന്ന് ഹർജിഭാഗം ചൂണ്ടിക്കാട്ടി. റാഗിങ് ജാമ്യമില്ലാക്കുറ്റമാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ നിയമനിർമാണത്തിലൂടെയേ സാധ്യമാകൂ എന്നും ആ ഘട്ടത്തിൽ പരിഗണിക്കാമെന്നും സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അത് അംഗീകരിച്ച കോടതി, ഹർജിഭാഗത്തിന്റെ നിർദേശങ്ങൾ പ്രസക്തമാണെന്നും ഭേദഗതിനിയമത്തിൽ ഉൾപ്പെടുത്തണമെന്നും സർക്കാരിനെ ചട്ടംകെട്ടി. റാഗിങ് എന്ന അന്യായം സമൂലമായി തടയുന്നതിന്, 1998-ലെ നിയമം ഭേദഗതിചെയ്തുകൊണ്ടുള്ള സമഗ്രനിയമം എത്രയുംവേഗം പ്രാബല്യത്തിലാക്കാൻ സർക്കാർ വേണ്ടതുചെയ്യണം.