വിടരട്ടെ സ്വപ്നകേരളം

എഴുപതാണ്ടുമുൻപ്‌ അറബിക്കടലിന്റെ ഓരത്ത്, പശ്ചിമഘട്ടത്തിന്റെ തണലിൽ മലയാളം മാതൃഭാഷയായ ജനതയ്ക്കായി കേരളം പിറന്നപ്പോൾ പൂവണിഞ്ഞത് വലിയൊരു ജനകീയസ്വപ്നമായിരുന്നു. മാവേലിനാടിന്റെ പാരമ്പര്യം പറയുമ്പോഴും ദാരിദ്ര്യവും അസമത്വവും അനാചാരങ്ങളും കുറവല്ലാത്ത ഒരു ദേശമായിരുന്നു നമ്മുടേത്. അതിൽനിന്ന്‌ നാടിനെ ഇന്നത്തെ പുരോഗതിയിലേക്ക്് നയിച്ചതിൽ നമ്മുടെ അധ്വാനത്തിനും ഒത്തൊരുമയ്ക്കും സർഗാത്മതകയ്ക്കും രാഷ്ട്രീയബോധത്തിനുമൊക്കെ വലിയപങ്കുണ്ട്. സാഹിത്യവും കലയും കേരളീയന്റെ രാഷ്ട്രീയ-സാമൂഹിക പ്രബുദ്ധതയ്ക്ക് അടിത്തറയൊരുക്കുകയും നമ്മുടെ ചിന്താശേഷിയെയും ഭാവനയെയും നിരന്തരം നവീകരിക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമവും സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുവിതരണ ശൃംഖലയും നടപ്പാക്കിയതോടെ ‘കേരള മോഡൽ’ വികസനം യാഥാർഥ്യമായി. ശിശുമരണനിരക്ക് കുറച്ചതിലും ആയുർദൈർഘ്യം ഉയർത്തിയതിലും സാക്ഷരതയിൽ ഒന്നാമതെത്തിയതിലും നാം വികസിതരാഷ്ട്രങ്ങളോട് കിടപിടിച്ചു.

പക്ഷേ, എവിടെയൊക്കെയോ നമുക്ക് പിഴച്ചു. ഗൾഫിൽ വിയർപ്പുചിന്തി നമ്മുടെ പ്രവാസികൾ നാട്ടിലേക്ക് ഒഴുക്കിയ വിദേശപണം കേരളത്തിലെ പട്ടിണിയെ തുടച്ചുനീക്കി. എന്നാൽ, ആ പണം ഉത്പാദനപരമായ മേഖലകളിൽ നിക്ഷേപിക്കുന്നതിൽ നാം പരാജയപ്പെട്ടു. കൃഷിയെയും പരമ്പരാഗത തൊഴിലുകളെയും കൈയൊഴിഞ്ഞ ജനത ഭക്ഷ്യവസ്തുക്കൾക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരായി മാറി. പശ്ചിമഘട്ടത്തിന്റെ നെഞ്ചുപിളർന്ന് നടത്തിയ അശാസ്ത്രീയ ഖനനവും കൈയേറ്റങ്ങളും നിർമാണങ്ങളും നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിച്ചു. സ്വന്തം മണ്ണിൽ കാലുറപ്പിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് വിദേശത്തേക്ക് പലായനംചെയ്യുന്ന യുവതലമുറയാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധി. ഇവിടെ അന്തസ്സുള്ള തൊഴിലവസരങ്ങളില്ല, പുതിയ സംരംഭങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമില്ല എന്ന തിരിച്ചറിവാണ് ‘മസ്തിഷ്ക ചോർച്ച’ എന്ന വിപത്തിലേക്ക് തള്ളിവിടുന്നത്. വയോധികരുടെ നാടായി കേരളം ചുരുങ്ങുമോ എന്ന ഭീതി അസ്ഥാനത്തല്ല. അടഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം വർധിക്കുന്ന നാടായി ഇത്.

ഇവിടെയാണ് കേരളത്തിന്റെ എഴുപതാം വാർഷികം തിരുത്തലുകളുടെ വേദിയാകേണ്ടത്. കാർഷികരംഗത്ത് ആധുനികസാങ്കേതികവിദ്യകളെയും കൃഷിരീതികളെയും ഉൾപ്പെടുത്തി പുതിയതലമുറയെ ആകർഷിക്കണം. വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ആരോഗ്യ ടൂറിസം, ഭക്ഷ്യസംസ്കരണം, സ്റ്റാർട്ടപ്പുകൾ, ഗവേഷണാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിലൂന്നിയ വിജ്ഞാനസമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കണം. നിക്ഷേപസൗഹൃദ അന്തരീക്ഷം കേരളത്തിൽ ഒരുക്കണം. സർവകലാശാലകളിൽ പഠനത്തോടൊപ്പം തൊഴിൽനൈപുണി ഉറപ്പാക്കുന്ന പാഠ്യപദ്ധതി വേണം. നഗരങ്ങളിൽ മാലിന്യനിർമാർജനത്തിന് കൂടുതൽ ശാസ്ത്രീയമായ സംവിധാനം നടപ്പാക്കണം. ജീവിതശൈലീരോഗപ്രതിരോധം, പാലിയേറ്റീവ്-വയോജന പരിചരണ ശൃംഖല, പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശാക്തീകരണം എന്നിവ ഇനിയുള്ള കേരളമാതൃകയുടെ കാതലാകണം. യുവതലമുറയെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന മയക്കുമരുന്നു വ്യാപനത്തിനെതിരേ യോജിച്ച പോരാട്ടം വേണം.

പ്രകൃതിയും സംസ്കാരവും ചരിത്രവും ഭക്ഷണവൈവിധ്യവും. ആയുർവേദവും ചേർന്ന കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ ഇനിയും ഉപയോഗപ്പെടുത്താത്ത വലിയ സാധ്യതകളുണ്ട്. ഉത്തരവാദിത്വ ടൂറിസം, ഗ്രാമീണ ടൂറിസം, തീർഥാടന ടൂറിസം, സാഹസിക ടൂറിസം, ആരോഗ്യ-വെൽനസ് ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാനമുണ്ടാക്കാനാകും. അമ്മമലയാളത്തിന്റെ മാധുര്യവും സ്നേഹവും ഒരുമിപ്പിച്ച ജനത ഇന്ന് ശുദ്ധമലയാളത്തെ കൈയൊഴിയുന്ന പ്രവണത കാണാം. ഭരണഭാഷപോലും പൂർണമായും മലയാളമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അമ്മയെപ്പോലെ മലയാളത്തെയും നമുക്ക് ചേർത്തുപിടിക്കണം.