കുട്ടികളുടെ കുറ്റവും ‘കഥ’യും

കൗമാരക്കാർ കൊടുംകുറ്റകൃത്യത്തിലേർപ്പെടുന്ന അനുഭവങ്ങൾ കേരളത്തിൽ കൂടിവരുന്നു. തിരുവനന്തപുരത്ത്, ഒരേ പെൺകുട്ടിയുമായുള്ള പ്രണയത്തിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പതിനേഴുകാരന്റെ ജീവനെടുത്തതാണ് പുതിയ സംഭവം. മറ്റൊരു പതിനേഴുകാരനും പെൺകുട്ടിയുംചേർന്നാണ് കൊല നടത്തിയതെന്നാണു വിവരം. പ്രതികൾ ചേർന്ന് ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ് പറയുന്നു. മൃതദേഹം ചാക്കിലാക്കി തള്ളാൻ ഇവർ സുഹൃത്തും ക്രിമിനൽക്കേസ് പ്രതിയുമായ ഇരുപത്തിരണ്ടുകാരന്റെ സഹായവും തേടി. മൂവരും അറസ്റ്റിലായിട്ടുണ്ട്. ഏതു പ്രശ്നത്തിനുമുള്ള ഏറ്റവും എളുപ്പത്തിലുള്ള പ്രതിവിധി അക്രമവും കൊലപാതകവുമൊക്കെയാണെന്ന് ആരാണ് ഈ തലമുറയെ പഠിപ്പിച്ചിരിക്കുന്നത്? എങ്ങനെയാണ് ഈ ദുഷിച്ച ബോധ്യത്തിൽനിന്ന് ഇവരെ മോചിപ്പിക്കാനാകുക? എന്തുതരം ബോധനമാണ് അതിനായി നാം ഇവർക്ക് പകർന്നുകൊടുക്കേണ്ടത്? രക്ഷിതാക്കളെന്നനിലയിലും സമൂഹമെന്നനിലയിലും എവിടെയാണ് നമുക്കൊക്കെ കാലിടറിപ്പോയത്? ആധിയോടെ ആലോചിച്ചുകൂട്ടുകമാത്രമല്ല, അർഥപൂർണമായി അഭിമുഖീകരിക്കുകകൂടി ചെയ്യേണ്ടുന്ന ചോദ്യങ്ങളാണ് ഇവ.

കുറ്റകൃത്യത്തിന് ഇരയാകുന്നവരും അവരുടെ കുടുംബവും എല്ലാവിധ നീതിയും സഹതാപവും അർഹിക്കുന്നു. കുറ്റകൃത്യത്തിലേക്ക് കൗമാരക്കാരെ നയിക്കുന്ന പലതരം സാഹചര്യങ്ങൾക്ക് നാം എല്ലാവരും ഉത്തരവാദികളാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കിയാൽത്തന്നെ കൗമാരക്കുറ്റവാളികളുടെയെന്നല്ല, പൊതുവിൽ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവുവരുത്താനാകും. കൗമാരത്തിൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർ നിയമപരമായ നടപടികൾക്കൊപ്പം നമ്മുടെ പരിഗണനയും അർഹിക്കുന്നുണ്ട്. അതിനുവിരുദ്ധമായ സമീപനവും അഭിപ്രായപ്രകടനങ്ങളുമാണ് പലപ്പോഴും ഉണ്ടാകുന്നതെന്നതുതന്നെ രോഗാതുരമായ സമൂഹമനസ്സിന്റെ ലക്ഷണമാണ്. നടുക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പ്രായക്കുറവിന്റെ ആനുകൂല്യം അർഹിക്കുന്നില്ലെന്നതരത്തിലുള്ള ചിന്ത പ്രബലമായിവരുകയാണ്. കുട്ടികൾ കുറ്റകൃത്യങ്ങളിലേക്കു തിരിയുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള സമൂഹത്തിന്റെ വൈമനസ്യംകൂടിയാണ് അതിൽ നിഴലിക്കുന്നത്. രണ്ടരമാസംമുൻപ് ആലപ്പുഴ കരുവാറ്റയിൽ ഉറ്റബന്ധുവിനെ കൊല്ലാൻ ഏർപ്പാടുചെയ്ത പതിമ്മൂന്നുകാരിയുടെ കാര്യമെടുക്കാം. പ്രായത്തിനുചേരാത്ത ക്രൂരപ്രവൃത്തിയിലേക്കു നയിച്ചതിൽ, ആ കുട്ടി കടന്നുപോന്ന സംഘർഷജീവിതം വലിയ ഘടകമായതായാണു വ്യക്തമായത്. പ്രശ്‌നങ്ങൾനിറഞ്ഞ കുടുംബാന്തരീക്ഷം, വിദേശത്തു ജോലിചെയ്യുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുവീടുകളിൽ മാറിമാറി താമസം, ഉറ്റബന്ധുവിൽനിന്ന് മോശം പെരുമാറ്റം- ഇളംപ്രായത്തിൽ പതറിപ്പതറി നടന്ന ഭാഗ്യവിഹീനമായ നിലങ്ങൾ.

ഓരോ വ്യക്തിക്കുപിന്നിലും കേൾക്കാത്ത ഒരു കഥയുണ്ടാകുമെന്നാണല്ലോ പറയാറ്. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിലും ഈ കഥ ഒരു കാര്യംതന്നെ. കുറ്റകൃത്യങ്ങളിലേക്ക് ഇവർ എത്തിപ്പെടുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ദൗർഭാഗ്യകരമായ ജീവിതപശ്ചാത്തലമോ തിന്മയെ പോഷിപ്പിക്കുന്ന സാമൂഹികഘടകങ്ങളുടെ സ്വാധീനമോ ഉണ്ടാകും. അക്രമവാസന വളർത്തുന്ന സിനിമയും നാട്ടിൽ സുലഭമായ ലഹരിയുമൊക്കെ ഇപ്പറഞ്ഞ സാമൂഹികഘടകങ്ങളിൽ ഉൾപ്പെടുന്നു. കുറ്റക്കാർ കുട്ടികളല്ല, മുതിർന്നവരായ നമ്മൾതന്നെയാണ്. കുറ്റംചെയ്ത് പിടിയിലായാൽ ഈ കുട്ടികൾക്കു കടന്നുപോകേണ്ടിവരുന്ന നിയമപ്രക്രിയകളും ശിക്ഷാനടപടികളുമൊക്കെ ഇവരുടെ സ്വഭാവപരിഷ്കരണത്തിന് അനുഗുണവും പര്യാപ്തവുമാണോ എന്നുകൂടി പരിശോധിക്കേണ്ട സന്ദർഭമാണിത്.