ജനകീയസമരങ്ങളെ ഭയക്കുന്നതെന്തിന്

മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽനടക്കുന്ന പ്രക്ഷോഭം ഇപ്പോൾ വലിയ വഴിത്തിരിവിലാണ്. സമരത്തിന് ഡൽഹി സർക്കാർ അനുമതിനിഷേധിച്ചതോടെയാണ് അതിന്റെ ദിശമാറിയത്. സി.പി.എമ്മിന്റെ പ്രധാനനേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, വൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെയെല്ലാം കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് വരാനൊരുങ്ങിയ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെയെ വിമാനത്താവളത്തിൽവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. സി.ജെ.പി.യുടെ മറ്റുനേതാക്കളും കസ്റ്റഡിയിലാണ്. ഡൽഹിയിലെത്തിയ വിദ്യാർഥിനേതാക്കളെ ഡൽഹി പോലീസ് വിവിധകേന്ദ്രങ്ങളിലായി അറസ്റ്റുചെയ്തുമാറ്റി. സമരത്തിന് പിന്തുണയേകാനെത്തിയ യുറ്റ്യൂബർ ധ്രുവ് റാഠിയെ രാവിലെത്തന്നെ വീട്ടിലെത്തി അറസ്റ്റുചെയ്തു. ഇങ്ങനെ മുൻനിരനേതാക്കളെയൊക്കെ അറസ്റ്റുചെയ്ത് സമരത്തിന്റെ വീര്യംചോർത്തുക എന്ന തന്ത്രമാണ് പോലീസിന്റേത്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുചുറ്റും പോലീസാണ്. കസ്റ്റഡിയിലുള്ള വിദ്യാർഥികൾക്ക് പോലീസിന്റെ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായും ആരോപണമുണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ബഹുജനസമരങ്ങളെ ഇത്രത്തോളം ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ജനകീയപ്രക്ഷോഭങ്ങളെ കരുത്തുകൊണ്ട് അടിച്ചമർത്തിയവർക്കെല്ലാം കാലം നൽകിയത് ശക്തമായ തിരിച്ചടികളാണ്. എന്തെങ്കിലും ആനുകൂല്യങ്ങളോ സ്ഥാനമാനങ്ങളോ സൗജന്യമോ ആവശ്യപ്പെട്ടല്ല ആയിരങ്ങൾ ജന്തർമന്തറിനുമുന്നിൽ സംഘടിച്ചിട്ടുള്ളത്, ഒരു രാജ്യത്ത് ഏറ്റവും വിശ്വാസ്യമായി നിലനിൽക്കേണ്ട തിരഞ്ഞെടുപ്പുസംവിധാനത്തിലെ പുഴുക്കുത്തുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്. മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർക്കെതിരേ സഹകമ്മിഷണർമാരുയർത്തിയ ആരോപണത്തിന്റെ വസ്തുതയറിയാനാണ്. എൺപതുകളിലുള്ള പിണറായി വിജയനും തപൻസെന്നും മുപ്പതുകളിലുള്ള അഭിജീത് ദീപ്‌കെയും സൗരവ് ദാസും അശുതോഷ് രങ്കയുമെല്ലാം ഒരേമനസ്സോടെ തെരുവിലിറങ്ങിയത് രാജ്യത്തെ 140 കോടി ജനത്തിനുവേണ്ടിയാണ്. കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധി എം.പി.യും പ്രതിപക്ഷ എം.പി.മാരുമെല്ലാം ഇതേ ആവശ്യമുന്നയിച്ച് തെരുവിലായിരുന്നു.
അത്തരമൊരു സമരത്തെ ശത്രുസൈന്യത്തെപ്പോലെ നേരിടുകയാണ് സർക്കാർ. തലസ്ഥാനത്തേക്കുള്ള തീവണ്ടിസർവീസുകൾ നിർത്തിയും ഇന്റർനെറ്റ് നിഷേധിച്ചുമെല്ലാം സമരത്തെ ദുർബലമാക്കാൻ ശ്രമിക്കുന്നതിൽനിന്ന് ജനകീയസമരത്തെ സർക്കാർ എത്രത്തോളം ഭയക്കുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ‘ഈച്ചയെ കൊല്ലാൻ ചുറ്റികയെടുക്കരുത്’ എന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത്. സർക്കാരിനെതിരേയുള്ള സമരം രാജ്യത്തിനെതിരാണെന്ന് വ്യാഖ്യാനിക്കുന്നതും ഇതേ ഭയംകൊണ്ടാണ്. താൻ കസ്റ്റഡിയിലായാലും സമരം അവസാനിക്കരുത് എന്ന് അഭിജീത് ദീപ്‌കെ അണികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. സമരം സാവകാശം മറ്റു സംസ്ഥാനങ്ങളിലേക്ക് പടരുന്ന ലക്ഷണവുമുണ്ട്.
സമരങ്ങളെ നേരിടുന്നതിൽ സർക്കാരിനുവന്ന വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്കെല്ലാം കാരണമെന്നു വ്യക്തം. തിരഞ്ഞെടുപ്പുകമ്മിഷന്റെ സുതാര്യത ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു. അതു ചെയ്യാതെ സമരത്തെ രാജ്യദ്രോഹമായിക്കണ്ട് അടിച്ചമർത്താൻ ശ്രമിച്ചത് വലിയ പാളിച്ചയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷവുമായും സമരത്തിലുള്ള മറ്റുസംഘടനകളുമായും തുറന്നസംവാദമാണ് വേണ്ടിയിരുന്നത്. പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിക്കുന്നതല്ല അനുനയിപ്പിക്കുന്നതാണ് രാജ്യതന്ത്രം. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ നയപരമായി കൈകാര്യം ചെയ്യുന്നതിനു പകരം ബലമായി നേരിടുന്നത് ഭീരുത്വമാണ്. ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റെൻഷൻ സെന്ററുകളാക്കിമാറ്റിയിരിക്കുകയാണ്. ഡൽഹിയെ അനന്തമായി ഇങ്ങനെ പോലീസിന്റെ താവളമാക്കാൻ കഴിയില്ലെന്ന് സർക്കാർ ഓർക്കണം. സമരം ചെയ്യുന്നവരെ മുഴുവൻ ഉൾക്കൊള്ളാവുന്ന ജയിലുകളൊന്നും നമ്മുടെ രാജ്യത്തില്ല എന്ന് അധികൃതർ തിരിച്ചറിയണം. കുറെ തടവറകൾ സൃഷ്ടിച്ചുകൊണ്ട് വിദ്യാർഥികളുടെയും പ്രതിപക്ഷത്തിന്റെയും സമരത്തെ നേരിടാനാവില്ല. അവരോട് സംസാരിച്ചേ തീരൂ. തീ ആളിപ്പടർന്നതിനുശേഷം അണയ്ക്കാൻ ശ്രമിക്കുമ്പോഴല്ല, കനലായി നീറുമ്പോൾത്തന്നെ നനയ്ക്കുമ്പോഴാണ് ഒരു ഭരണകൂടം വിജയിക്കുന്നത്.