നെല്ലച്ഛന് യാത്രാമൊഴി

ഒരു കുഞ്ഞുവിത്തിലൂടെ ഒരു ജൈവലോകത്തെ കരുതിയ മനുഷ്യൻ -മണ്ണിന്റെ മിടിപ്പറിഞ്ഞ ചെറുവയൽ രാമനെ വിശേഷിപ്പിക്കാൻ വാക്കും ഭൂമിയോളം താഴണം. ഗോത്രപാരമ്പര്യത്തിൽ പത്തുവയസ്സിൽ വയലിലിറങ്ങിയ രാമൻ വിത്തിനൊപ്പം പ്രകൃതിയെ അറിഞ്ഞു ‘നെല്ലച്ഛനായി’ വളരുകയായിരുന്നു. കൈയിൽക്കരുതിയത് ഒരുപിടി വിത്തല്ല, നാളെയുടെ ഭക്ഷ്യസുരക്ഷയാണെന്ന തിരിച്ചറിവായിരുന്നു ചെറുവയൽ രാമന്റെ കരുത്ത്. വിത്തും ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും കാലാവസ്ഥയും മനുഷ്യന്റെ അതിജീവനവുമെല്ലാം ഒന്നിൽനിന്നു മറ്റൊന്നിലേക്ക് കണ്ണിച്ചേർക്കപ്പെട്ടുവെന്ന് അദ്ദേഹം അറിഞ്ഞു. ഉപാധികളൊന്നുമില്ലാതെ തലമുറകളുമായി അതു പങ്കുവെച്ചു.
കമ്മനയിലെ കുറിച്യതറവാട്ടിൽ 1952-ലായിരുന്നു രാമന്റെ ജനനം. മരുമക്കത്തായം പുലരുന്ന കുറിച്യ ഗോത്രപാരമ്പര്യത്തിൽ അമ്മാവനൊപ്പംനിന്ന് കുടുംബകൃഷിയിലേക്കും അദ്ദേഹമെത്തി. വയനാടിന്റെ കൃഷിയറിവുകളിൽ നൂറില്പരം നെൽവിത്തുകളുണ്ടെന്നും പലതും വീണ്ടെടുക്കാനാവാത്തവിധം കൈമോശം വന്നുവെന്നും തിരിച്ചറിഞ്ഞതോടെയാണ് രാമൻ വിത്തുസംരക്ഷണത്തിലേക്കു കടക്കുന്നത്. വയനാട്ടിൽ മാത്രമുണ്ടായിരുന്ന 32 തനതു നെൽവിത്തിനങ്ങൾ രാമന്റെ ശേഖരത്തിലുണ്ടായിരുന്നു. ചെമ്പകം, ചെന്താടി, ഓണമൊട്ടൻ, ചേറ്റുവെളിയൻ... തുടങ്ങി പലതും രാമന്റെ പത്തായത്തിൽ മാത്രമൊതുങ്ങി. ഇത് മറ്റുള്ളവരുമായി പങ്കുവെക്കാൻ അദ്ദേഹം ഒരുഘട്ടത്തിലും മടിച്ചിട്ടില്ല. വിത്തിനു പകരം പണം അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. പകരം കൃഷിചെയ്ത് അടുത്തയാണ്ടിൽ, കൊണ്ടുപോയത്രയും വിത്ത് തിരികെ നൽകണമെന്നതു മാത്രമായിരുന്നു വ്യവസ്ഥ. വിത്തിനൊപ്പം സ്നേഹവും ബന്ധവും വളരുമല്ലോയെന്നായിരുന്നു അതിനുള്ള വിശദീകരണം.
വിത്തുകളുമായുള്ള യാത്രയിൽ അദ്ദേഹം രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധഭാഗങ്ങളിലെത്തി. ശാസ്ത്രകോൺഗ്രസുകളിൽ വിശിഷ്ടാതിഥിയായി. കുറിച്യകാരണവരുടെ ജൈവബോധവും കൃഷിയറിവുകൾക്കുമപ്പുറം ശാസ്ത്രീയ അറിവുകളിലേക്കും കൗതുകംപൂണ്ടു. വിദ്യാർഥികൾക്കും ഗവേഷകർക്കുമായി തന്റെ പുല്ലുപുരയും വയലുകളും അദ്ദേഹം തുറന്നുവെച്ചു. വിത്തു സംരക്ഷകൻ എന്നതിനൊപ്പം പരിസ്ഥിതിപ്രവർത്തകൻ എന്നനിലയിലേക്കുകൂടിയുള്ള ചെറുവയൽ രാമന്റെ ഇടപെടലുകൾ തുടങ്ങുന്നതും ഇവിടെയാണ്.
പ്രകൃതിയെ അദ്ദേഹം ആകെത്തുകയിലാണ് കണ്ടത്. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവും മഴയിലും കൃഷിയിലും വരുന്ന മാറ്റങ്ങളും പരിസ്ഥിതിചൂഷണങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കി. വിത്തുസംരക്ഷണമെന്ന ആശയം ജൈവികമായി ഉണ്ടാവേണ്ടതാണെന്നും ജീൻബാങ്കെന്നുള്ള ആശയത്തിനുപിന്നിലെ അജൻഡകൾ തിരിച്ചറിയണമെന്നും പറഞ്ഞു. ലാബിൽ പിറക്കുന്നത് അന്തകവിത്തുകളാണെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്നത്തിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റമാണിതെന്നും തനതുവിത്തുകളിലേക്ക് തിരിച്ചുനടക്കണമെന്നും നിരന്തരം പറഞ്ഞു. ശാസ്ത്രപരീക്ഷണങ്ങൾ അനിവാര്യമാണെങ്കിലും പ്രകൃതിനിയമങ്ങളെ തിരുത്തരുതെന്നും അദ്ദേഹം നിലപാടെടുത്തു. ചെറിയ കുഞ്ഞുങ്ങൾമുതൽ ആഗോളപ്രശസ്തരായ ശാസ്ത്രജ്ഞർവരെ, തന്റെ പുല്ലുപുരയിലെത്തിയ അതിഥികൾക്കു മുൻപാകെയും അദ്ദേഹം നിരന്തരം വേവലാതികൾ പങ്കുവെച്ചു. ചെറുവയൽ രാമന്റെ സ്വാധീനത്തിൽ വയനാട്ടിലും കേരളത്തിലുടനീളവും കർഷകർ പരമ്പരാഗതവിത്തിനങ്ങളെ കാത്തു. വിത്തുത്സവങ്ങളിലും അദ്ദേഹം പങ്കാളിയായി. വിത്തച്ഛനെന്നും പേരുകേട്ടു.
ഈയാത്രയിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതി പദ്മശ്രീയടക്കമുള്ള പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദേശീയ ബഹുമതിയായ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് 2016-ൽ ലഭിച്ചു. കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2025-ൽ കേരള കാർഷിക സർവകലാശാല പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ആദരിച്ചു. കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരവും ഈ വർഷം ഏറ്റുവാങ്ങി. ഉദരരോഗത്തെത്തുടർന്ന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിന്റെ വിയോഗം. വരുംതലമുറയ്ക്കായി ഒരുപിടി വിത്തിലൂടെ ഒരു ജൈവസംസ്കൃതിയെത്തന്നെ കരുതിവെച്ചാണ് അദ്ദേഹം തന്റെ നിയോഗം പൂർത്തിയാക്കുന്നത്.