മലയാളത്തിന്റെ സ്നേഹസഞ്ചാരം

‘ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി’ എന്ന, കുഞ്ഞുണ്ണിമാഷുടെ വരിപോലെയാണ് കേരളനാട്. എന്നും ഒന്നായിനിന്നിട്ടുണ്ടു നാം. അതു നന്നായി. നല്ലവരായതുകൊണ്ടാണ് നാം ഒന്നായിട്ടുനിന്നത്. അതും നന്നായി. കുഞ്ഞുണ്ണിക്കവിതയുടെ തെളിച്ചമാണ് എന്നും നമ്മുടെ ഈ നാടിന്. ‘സ്നേഹത്തിൽനിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ/ സ്നേഹത്തിൻഫലം സ്നേഹം, ജഞാനത്തിൻഫലം ജ്ഞാനം’ എന്ന, മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ തത്ത്വചിന്താപരമായ ഉൾക്കാഴ്ചയും കേരളത്തിനു പകർന്നുകിട്ടിയിട്ടുണ്ട്. മനുഷ്യനെക്കാൾ വലുതല്ല മതമെന്നും മനുഷ്യർക്കിടയിൽ വേലികൾ തീർക്കാൻ ഒരു മതവും ഒരുകാലത്തും പഠിപ്പിച്ചിട്ടില്ലെന്നും മലയാളികളെപ്പോലെ അറിയാവുന്ന മറ്റൊരു സമൂഹവുമുണ്ടാകില്ല. ഈ ജ്ഞാനോദയസഞ്ചാരത്തിൽ കലർപ്പുചേർക്കാനും മതത്തിന്റെപേരിൽ മനുഷ്യർക്കിടയിൽ സ്പർധകൾതീർക്കാനും പുതുകാലത്ത് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് ദൗർഭാഗ്യകരമാണ്. പക്ഷേ, അത്തരം കുത്സിതത്വങ്ങളെ അതിജയിക്കാനുള്ള വാസനാബലം മലയാളി നന്നായിത്തന്നെ പ്രദർശിപ്പിക്കുന്നെന്നതാണ് ആശ്വാസം, സന്തോഷം.
മതമൈത്രിയുടെ എത്രയോ ഗാഥകൾ മലയാളിക്കും കേരളത്തിനും പറയാനുണ്ട്. അതിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞദിവസം വയനാട് മൂപ്പൈനാട്ടുനിന്നു കേട്ടത്. മക്കളോ ബന്ധുക്കളോ ഇല്ലാത്ത എൺപത്തിയഞ്ചുകാരിയായ കല്യാണിയമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്തത് അയൽപക്കത്തെ ഇസ്ലാംമതവിശ്വാസികളായ സഹോദരന്മാരാണ്. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരി ക്ലബ്ബുമട്ടത്ത് കാപ്പൻ റസാക്കും സഹോദരൻ സുലൈമാനുമാണ് മനുഷ്യസ്നേഹത്തിന്റെ പുതുപാഠം രചിച്ചത്. വർഷങ്ങളോളമായി തനിച്ചായിരുന്നു കല്യാണിയമ്മ. വാർധക്യവും രോഗവും തളർത്തിയപ്പോഴും ഒറ്റയ്ക്കാണെന്ന തോന്നലുണ്ടായില്ല. റസാക്കും കുടുംബവും പെറ്റമ്മയെപ്പോലെയാണ് അവരെ കരുതിയത്. കിടപ്പിലായപ്പോൾ മക്കളെപ്പോലെ പരിചരിച്ചു. പരസഹായമില്ലാതെ ഒന്നുംചെയ്യാനാകാത്ത അവസ്ഥയിലും കല്യാണിയമ്മയ്ക്ക് റസാക്കിന്റെ ഭാര്യ റുഖിയയുടെ സ്നേഹമസൃണത അനുഭവിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഇങ്ങനെ, മതം വിനയപുരസ്സരം പിൻവാങ്ങുകയും മനുഷ്യൻ ലളിതമനോഹരമായി വിജയിക്കുകയുംചെയ്യുന്ന എത്രയെത്ര കേരളസന്ദർഭങ്ങൾ!
2020 ജനുവരി 19-ന് കായംകുളം ചേരാവള്ളി ജുമാമസ്ജിജിന്റെ മുറ്റത്ത് ഹൈന്ദവാചാരപ്രകാരമൊരു വിവാഹം നടന്നു. ചേരാവള്ളി ക്ഷേത്രത്തിനുസമീപം താമസിച്ചിരുന്ന അഞ്ജുവിന്റെ വിവാഹമാണ് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ നടന്നത്. അഞ്ജുവിന്റെ പിതാവ് അശോകൻ വിവാഹത്തിനു രണ്ടുവർഷംമുൻപ് ഹൃദയാഘാതത്താൽ മരിച്ചിരുന്നു. വാടകവീട്ടിലാണ് ആ നിർധനകുടുംബം താമസിച്ചിരുന്നത്. അഞ്ജുവിനു വിവാഹാലോചനവന്നപ്പോൾ അമ്മ ബിന്ദു ജമാഅത്ത് കമ്മിറ്റിയുടെ സഹായംതേടി. വിവാഹം നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം കമ്മിറ്റി സന്തോഷപൂർവം ഏറ്റെടുത്തു. വധുവിനുള്ള സ്വർണവും വസ്ത്രങ്ങളും അതിഥികൾക്കുള്ള സദ്യയുമെല്ലാം കമ്മിറ്റി ഏർപ്പെടുത്തി. പള്ളിക്കുമുന്നിലൊരുക്കിയ കതിർമണ്ഡപത്തിൽ ഹൈന്ദവാചാരപ്രകാരം വിവാഹവും നടന്നു. ‘ദ കേരളാ സ്റ്റോറി’ എന്ന വിവാദചലച്ചിത്രം 2023-ൽ പുറത്തിറങ്ങിയപ്പോൾ വിഖ്യാത സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ ഈ വിവാഹദൃശ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയുണ്ടായി. ‘ദ റിയൽ കേരളാ സ്റ്റോറി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം അതുചെയ്തത്.
തിരുവനന്തപുരത്ത് വർഷംതോറും ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഹൈന്ദവതീർഥാടകർക്ക് പാളയത്തെ ജുമാമസ്ജിദിലും സെന്റ് ജോസ്ഫ്സ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിലും സൗകര്യങ്ങളൊരുക്കുന്നത് പതിവുകാഴ്ചയാണ്. ‘’നമ്മൾ നോമ്പനുഷ്ഠാനത്തിലാണെന്നതു ശരിതന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്നവർക്ക് ശുദ്ധജലവും നോമ്പുതുറവിഭവങ്ങളും നൽകാൻ അതൊരു തടസ്സമായിക്കൂടാ’’ എന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ജുമാ നമസ്കാരത്തിനിടെ വിശ്വാസികളോടു നടത്തിയ ആഹ്വാനം മതാതീതമായ ഹൃദയസ്വരമായിരുന്നു. ക്ഷേത്രമുറ്റത്തെ സമൂഹനോമ്പുതുറയും ക്രിസ്തീയദേവാലയാങ്കണത്തിലെ ഈദുനമസ്കാരവുമൊന്നും കേരളത്തിനു പുതുമയല്ല.
മതഭേദങ്ങൾക്കപ്പുറം പരസ്പരം മനസ്സിലാക്കാനും ഉള്ളുതുറന്നുസ്നേഹിക്കാനും മനസ്സുള്ളവരാണു കേരളീയർ. ശബരിമലവാവരുടെ ചരിതംമുതൽ തുടങ്ങുന്ന സൗഹാർദത്തിന്റെ നിലയ്ക്കാത്ത ധാരയാണത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നു യുഗപുരുഷനായ ഗുരു അരുളിയതും ‘ജാതിവേണ്ടാ, മതംവേണ്ടാ, ദൈവംവേണ്ടാ മനുഷ്യന്’ എന്നു ശിഷ്യൻ ഗുരുവിനെ തിരുത്തിയതും ഈ മണ്ണിലാണ്. വെളിപാടുകളുടെ ഈ മലയാളത്തെ കൃത്രിമമായി പകുക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികൾ പരാജയപ്പെടുകയേ ഉള്ളൂ.