അച്ചൻകോവിലാറ്റിൽ കുളിക്കാൻ പാടുപെട്ട് തീർഥാടകർ

അച്ചൻകോവിലാറിന്റെ പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ സുരക്ഷിത വേലിക്കുള്ളിൽ കുളിക്കുന്ന ഭക്തർ
അച്ചൻകോവിലാറിന്റെ പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ സുരക്ഷിത വേലിക്കുള്ളിൽ കുളിക്കുന്ന ഭക്തർ

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ പന്തളത്ത് ക്ഷേത്രക്കടവിൽ കുളിക്കുവാൻ അസൗകര്യം. പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കുവാനുള്ള രണ്ട് കടവുകളിലും സുരക്ഷാവേലിക്കുള്ളിൽ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഇവിടെയെത്തുന്ന ഭക്തർ കുളിക്കാൻ ബുദ്ധിമുട്ടുന്നത്. ആറിന് കുറുകെ സുരക്ഷാവേലി കെട്ടാൻ കഴിയാത്തതുപോലെ വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇറങ്ങുന്ന സ്ഥലത്ത് മുട്ടറ്റം വെള്ളം മാത്രമാണുള്ളത്. കുത്തൊഴുക്കുകാരണം അപകടത്തിൽപ്പെടുവാൻ സാദ്ധ്യതയുള്ളതിനാൽ ക്ഷേത്രക്കടവിന് താഴെയുള്ള പടവുകളിലേക്ക് ഇറങ്ങാൻ തീർഥാടകരെ അനുവദിക്കുന്നുമില്ല.

വെള്ളം ഉയർന്നുകിടന്ന സമയത്തുകെട്ടിയ സുരക്ഷാവേലിക്കുള്ളിലാണ് ജലനിരപ്പ് താഴ്ന്നപ്പോഴും തീർഥാടകർ കുളിക്കുന്നത്. ദീർഘദൂരം യാത്രചെയ്ത് പന്തളത്തെത്തുന്ന തീർഥാടകർക്ക് കുളിക്കുവാൻ ആകെ സൗകര്യമുള്ളത് അച്ചൻകോവിലാറാണ്. ശൗചാലയമുണ്ടെങ്കിലും പന്തളത്ത് കുളിക്കുവാനുള്ള സൗകര്യം വേറെ എങ്ങുമില്ല. ശബരിമല നട തുറക്കുന്ന കാലം മുതൽ കുരുതി കഴിഞ്ഞ് അടയ്ക്കുന്നതുവരെ പന്തളത്ത് തീർഥാടകരുടെ നല്ല തിരക്കാണനുഭവപ്പെടുന്നത്. അച്ചൻകോവിലാറിന്റെ കൈപ്പുഴയിലുള്ള രണ്ട് കുളിക്കടവുകളും വൃത്തിയാക്കി സുരക്ഷാവേലി കെട്ടിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിലെത്തുന്ന തീർഥാടകരിൽ കൂടുതലാളുകളും ക്ഷേത്രക്കടവുകളെയാണ് ആശ്രയിക്കുന്നത്. തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ക്ഷേത്രക്കടവിന് താഴേക്ക് പടവുകൾ പണിത് കുളിക്കുവാനുള്ള സൗകര്യമൊരുക്കുവാൻ പദ്ധതിയിട്ടിരുന്നത് നടപ്പായതുമില്ല.

പൊതു കടവുകൾ ചെളിനിറഞ്ഞ് ഉപയോഗശൂന്യമായത് നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ജലസേചന വകുപ്പും ത്രിതല പഞ്ചായത്തും നഗരസഭയും പൊതുകടവുകൾ കല്ലുകെട്ടിയും പടവുകൾ തീർത്തും സംരക്ഷിച്ചിരുന്നത് പലതും ഉപയോഗിക്കാൻ കഴിയാതെയായിട്ടുണ്ട്. വേനൽക്കാലമാകുന്നതോടെയാണ് കുളിക്കടവുകളുടെ ആവശ്യകത ഏറുന്നത്. വേനലിൽ ആദ്യം കിണറുകൾ വറ്റുന്നത് അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിലാണ്.

Content Highlights: Pilgrims visiting Pandalam temple face severe difficulties taking baths as water levels drastically fall in the Achenkovil River.