കോയിപ്രം ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയമുഖം

കടപ്ര : നവീകരിച്ച ഗവ. ആയുർവേദ ആശുപത്രി അബിൻ വർക്കി എം.എൽ.എ. വെള്ളിയാഴ്ച മൂന്നിന് ഉദ്ഘാടനംചെയ്യും.

കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരതി പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപ രണ്ടര വർഷംമുമ്പ് അനുവദിച്ചിരുന്നു. രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രവും ഭിന്നശേഷിക്കാർക്കുള്ള റാമ്പും കെട്ടിടത്തിന്റെ ഒന്നാംനിലയിൽ യോഗഹാളുമാണ് പദ്ധതിപ്രകാരം നിർമിച്ചത്. ആശുപത്രിയുടെ പേര് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്ന്‌ പുനർനാമകരണം ചെയ്തിരുന്നു. യോഗഹാൾ, ഫിസിയോതെറാപ്പിക്കുള്ള സ്ഥലം, ഒ.പി. കൗണ്ടർ, സ്വീകരണമുറി, കുറഞ്ഞത് 20 പേർക്കുള്ള കാത്തിരിപ്പുകേന്ദ്രം, സി.എച്ച്.ഒയ്ക്ക് കംപ്യൂട്ടർ ഉപയോഗിക്കാനുള്ള മേശയും, കസേരയും ഉൾപ്പെട്ട ഓഫീസ് മുറി, ഓഫീസ് ജോലിക്കുള്ള ഫർണിച്ചർ, ഫാർമസി ആൻഡ് മെഡിസിൻ സ്റ്റോർ, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം, ലാബ് ഫെസിലിറ്റി, ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിങ്, കുടിവെള്ളത്തിനുള്ള സംവിധാനം, ഇലക്ട്രോണിക് ടോക്കൺ മെഷീൻ, ടി.വി, വീൽച്ചെയർ, വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള ഇൻവെർട്ടർ, പത്രമാധ്യമങ്ങൾ വയ്ക്കുന്നതിനുള്ള റാക്ക് എന്നിവയ്ക്കുവേണ്ടിയാണ്‌ ഈ തുക ചെലവഴിച്ചത്.

പദ്ധതിപ്രകാരമുള്ള 10 വലിയ അലമാരകൾ, രോഗികളെ പരിശോധിക്കാനുള്ള മേശ, ഡോക്ടറുടെ കസേര തുടങ്ങിയവ ആശുപത്രിക്ക് കഴിഞ്ഞവർഷം നൽകിയിരുന്നതായി വാർഡ് മെമ്പർ ശരണ്യ വിജയൻ പറഞ്ഞു. ഡോക്ടർ, നഴ്സ്, അഞ്ച് ആശവർക്കർമാർ, യോഗപരിശീലക ഉൾപ്പെടെ 11 ജീവനക്കാരാണ് ആശുപത്രിയിൽ ഉള്ളത്.

യോഗഹാൾ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ നടത്താത്തതിനാൽ ആയുഷ് മിഷനിൽ നിന്ന് ലഭിക്കുമായിരുന്ന എ ഗ്രേഡ് സ്ഥാനം കഴിഞ്ഞവർഷം നഷ്ടപ്പെട്ടിരുന്നു. യോഗഹാൾ ഉണ്ടെങ്കിൽ മാത്രമേ എ ഗ്രേഡിന് പരിഗണിക്കുകയുള്ളൂ. 100 ആളുകളെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പുതിയ ഹാൾ നിർമിച്ചിരിക്കുന്നത്. നിർമാണ പ്രവൃത്തികൾ എല്ലാം പൂർത്തിയായതിനാൽ ഏത് പ്രായക്കാർക്കും ചികിത്സ ലഭിക്കുന്ന കേന്ദ്രമായിമാറും.