നെടുമൺ മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടം വരുന്നു

നെടുമൺ : ഏഴംകുളം പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടം പണിക്കായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കെട്ടിടം പണിയാനായി സ്ഥലം വാങ്ങിയിട്ട് ഏറെ നാളായിരുന്നു. പക്ഷേ ഫണ്ട് ലഭിക്കാനായി ഏറെനാളായി കാത്തിരിപ്പിലായിരുന്നു. ഇപ്പോൾ സർക്കാരിൽനിന്ന് 70 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് അഞ്ച് ലക്ഷം രൂപയ്ക്ക് മൃഗാശുപത്രിക്കായി സ്ഥലം വാങ്ങിയത്. പട്ടാഴിമുക്ക് ജങ്ഷന് സമീപം നെടുമൺ സെയ്ന്റ് മേരീസ് പള്ളിക്ക് പിന്നിലായാണ് സ്ഥലം. സ്ഥലം വാങ്ങിയശേഷം തുടർനടപടിക്രമങ്ങൾക്കായി ഏറെ കാലതാമസം നേരിട്ടിരുന്നു. തുടർന്ന് മൃഗസംരക്ഷണവകുപ്പിന് കെട്ടിടം പണിക്കായി സ്ഥലം കൈമാറിയിട്ട് ഏറെ നാളുകളായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കി കെട്ടിടം പണി എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. നെടുമൺ ജങ്ഷനിലെ സഹകരണബാങ്കിന്റെ കെട്ടിടത്തിലെ രണ്ട് മുറികളിലായാണ് ഇപ്പോൾ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ വളരെ പരിമിതമായ സൗകര്യങ്ങൾമാത്രമാണുള്ളത്. ഒട്ടേറെ ക്ഷീരകർഷകരുള്ള പഞ്ചായത്താണ് ഏഴംകുളം. ആശുപത്രിവന്നാൽ ക്ഷീരകർഷകർക്കായിരിക്കും ഗുണകരമാവുന്നത്.