ദേവസ്വംബോർഡ് കെട്ടിടത്തിന് കിട്ടുമോ നമ്പർ

പന്തളം : പുനരുദ്ധാരണപ്പണികൾ നടത്തി മോടിപിടിപ്പിക്കുമ്പോഴും ദേവസ്വം ബോർഡിന്റെ കെട്ടിടത്തിന് നമ്പർ ലഭിക്കാനുള്ള നടപടി ഇനിയും ബാക്കിയാണ്. അഞ്ചുവർഷം മുമ്പ് തുറന്നുകൊടുത്ത ദേവസ്വം ബോർഡിന്റെ അന്നദാന മന്ദിരമാണ് നഗരസഭയുടെ രേഖകളിൽ ഇപ്പോഴും അനധികൃതമായി നിൽക്കുന്നത്. മതിയായ രേഖകൾ നഗരസഭയിൽ സമർപ്പിച്ചിട്ടില്ലാത്തതിനാലാണ് കെട്ടിടം ഇപ്പോഴും അൺ ഓതറൈസ്ഡ്(യു.എ.) എന്ന ലേബലിൽ നഗരസഭയിലുള്ളത്. ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രേഖകൾ നഗരസഭയിൽ സമർപ്പിച്ച് അംഗീകാരം നേടേണ്ടത്. ഇക്കാര്യം നഗരസഭ പലതവണ അറിയിച്ചിട്ടും രേഖകൾ കൃത്യമായി ഹാജരാക്കിയിട്ടില്ല. അനധികൃത കെട്ടിടത്തിൽ അന്നദാനവും വിരിവെയ്ക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവരുന്നുണ്ട്.

താഴത്തെ നിലയിൽ പാർക്കിങ്‌ മൈതാനം, അതിനുമുകളിലുള്ള നിലയിൽ അന്നദാനമണ്ഡപം, അടുക്കള, വിശ്രമകേന്ദ്രം എന്നിവയാണ് ഉള്ളത്.

പാചകവാതകം ഉപയോഗിച്ച് ആയിരക്കണക്കിന് തീർഥാടകർക്ക് ആഹാരം പാകം ചെയ്യുന്നതും മറുനാട്ടുകാരായ തീർഥാടകർ വിരിവെച്ച് താമസിക്കുന്നതും ശബരിമല മണ്ഡലകാലത്ത് വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്നതുമെല്ലാം ഈ കെട്ടിടത്തിലാണ്.

അഗ്നിരക്ഷാസേനയുടെ സർട്ടിഫിക്കറ്റുൾപ്പെടെ കെട്ടിടത്തിന് അത്യാവശ്യമാണെന്നിരിക്കെ ഇതൊന്നും സമയബന്ധിതമായി ശരിയാക്കാൻ ശ്രമം ഉണ്ടായിട്ടില്ല. കെട്ടിടത്തിലെ വൈദ്യുതിവിതരണവും തകരാറിലാണ്. എം.എൽ.എ.യും ശബരിമല തീർഥാടന ചുമതലയുള്ള എ.ഡി.എമ്മും. പങ്കെടുത്ത യോഗത്തിലുൾപ്പെടെ നഗരസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതുമാണ്.

ഇത്തവണത്തെ അന്നദാനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സർട്ടിഫിക്കറ്റുൾപ്പെടെ ലഭിച്ചാൽ മാത്രമേ കെട്ടിടത്തിന് നമ്പർ നൽകാൻ കഴിയുകയുള്ളു എന്ന നിലപാടിലാണ് നഗരസഭയിലെ എൻജിനിയറിങ് വിഭാഗം.