നെൽകൃഷിയുണ്ട്; പക്ഷേ, ജലസേചനസംവിധാനങ്ങളില്ല

ഏനാത്ത് : മഴ പെയ്തുതുടങ്ങിയതോടെ ഏനാത്ത് ഭാഗത്ത് കൃഷിയിടങ്ങളിൽ വെള്ളമെത്തിയിട്ടുണ്ട്. പ്രധാനമായും നെൽകൃഷി നടക്കുന്ന ഇളങ്ങമംഗലം ഐത്തല ഏലാ, കളമല കരിപ്പാൽ ഏലാകളിൽ ഇപ്പോൾ വെള്ളമായി. എന്നാൽ, മഴ മാറിയാൽ അവസ്ഥ മറിച്ചാവും. വെള്ളം ലഭിക്കാതെ നെൽകൃഷി ഉൾപ്പെടെയുള്ളവ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാവും. സ്ഥിരമായ ജലസേചനസംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നം.
കളമലയിലുള്ള കർഷകനായ ബഷീർ നെൽകൃഷിക്കുള്ള വിത്തുകൾ വാങ്ങി ദിവസങ്ങളായി കാത്തിരിപ്പിലായിരുന്നു. ഇപ്പോൾ മഴ പെയ്തതോടെയാണ് വയലിലെ പണികൾ തുടങ്ങിയത്. ഇദ്ദേഹം ഐത്തല ഏലായിൽ ഏഴ് ഏക്കറിലധികം നെൽകൃഷി ചെയ്യുന്നുണ്ട്. വെള്ളത്തിന്റെ ബുദ്ധിമുട്ട് കാരണം ഇത്തവണ വിത്ത് വിതയ്ക്കേണ്ട സമയം വൈകിയെന്ന് ബഷീർ പറയുന്നു. കൃഷിയിടത്തിനു സമീപം ഒരു കുളം കുഴിക്കുകയോ, കല്ലടയാറ്റിൽനിന്ന് വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്താൽ വെള്ളത്തിന്റെ പ്രശ്നത്തിന് പരിഹാരമാകും.
കരിപ്പാൽ ഏലായിൽ മുൻപ് വെള്ളം ലഭിക്കാതെ ഇദ്ദേഹത്തിന്റെ വയലിലെ നെൽകതിരുകൾ ഉണങ്ങിപ്പോയിരുന്നു. കരിപ്പാൽ ഏലായ്ക്ക് സമീപത്തുകൂടെ തോട് ഒഴുകുന്നുണ്ട്. തോട്ടിൽ ഒരു തടയണയിട്ടാൽ ഈ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളംലഭിക്കും. തടയണയ്ക്ക് പലകയിടാനുള്ള സ്ഥലവും, വെള്ളം ഒഴുക്കിവിടാനുള്ള ചാലുകളുമുണ്ട്. ഏഴംകുളം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ജലസേചന സംവിധാനങ്ങൾ ഒരുക്കാൻ നടപടിയുണ്ടായാൽ ഈ ഭാഗത്തെ കർഷകർക്ക് ഏറെ ഉപകാരമാവും.