അടൂരിലെ ബേക്കറിമാലിന്യം ഉദയനാപുരത്ത് തള്ളി

വൈക്കം : ടിപ്പർ ലോറിയിലെത്തിച്ച ബേക്കറിയിലെ ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം പുരയിടത്തിൽ തള്ളി. ഉദയനാപുരം അഞ്ചാം വാർഡിൽ വൈക്കപ്രയാർ തേനാമിറ്റം പാലത്തിനു സമീപം ആൾതാമസമില്ലാത്ത പറമ്പിലാണ് മാലിന്യം തള്ളിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
തുറുവേലിക്കുന്ന്-നാനാടം റോഡിലൂടെ ലോറിയിലെത്തിച്ച മാലിന്യം വൈക്കപ്രയാർ ഭാഗത്ത് മൂവാറ്റുപുഴയാറിൽ തള്ളാനാണ് കരാറുകാർ ഉദ്ദേശിച്ചത്. പുഴയുടെ തീരത്തേക്ക് എത്തുന്നതിനുമുമ്പായി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറുന്നതിനിടെ വാഹനം താഴ്ന്നു. ഇതോടെ മാലിന്യം ഇവിടെതന്നെ ഉപേക്ഷിച്ചശേഷം ലോറിയുമായി കരാറുകാരൻ കടന്നു. വൈക്കം പോലീസ് നടത്തിയ പരിശോധനയിൽ അടൂരിലുള്ള വ്യാപാരസ്ഥാപനത്തിന്റെ ബില്ലുകൾ കണ്ടെടുത്തു.
മാലിന്യം അടൂരിലുള്ള ബേക്കറിയുടെതാണെന്ന് സ്ഥാപനത്തിന്റെ ഉടമ സമ്മതിച്ചു. മാലിന്യം നശിപ്പിക്കാനായി കരാറുകാർക്ക് നൽകിയതാണെന്നും സ്ഥാപന ഉടമകൾ പോലീസിനോട് പറഞ്ഞു.