അടൂർ പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം. മാർച്ച്

അടൂർ : കെ.എസ്.യു., യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ. സംഘർഷത്തിൽ അടൂരിലെ പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിലേക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി.
സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനംചെയ്തു. കെ.പി. ഉദയഭാനു അധ്യക്ഷനായി. സി.പി.എം. നേതാക്കളായ പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, സി. രാധാകൃഷ്ണൻ, തുളസീധരൻപിള്ള, ബി. നിസാം, എ.എൻ. സലിം, ആർ.ബി. രാജീവ് കുമാർ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വിഷ്ണുഗോപാൽ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി അനന്ദു മധു എന്നിവർ പ്രസംഗിച്ചു.
മാർച്ചുമായി ബന്ധപ്പെട്ട് വലിയ പോലീസ് സംരക്ഷണമാണ് ഏർപ്പെടുത്തിയത്. പാർഥസാരഥി ജങ്ഷനിൽനിന്ന് പോലീസ് സ്റ്റേഷനിലേക്കുനടന്ന മാർച്ച് നഗരസഭയ്ക്കുതാഴെ വൺവേയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിൽ സമൂഹമാധ്യങ്ങൾ വഴി പോർവിളികൾ ഇപ്പോഴും നടക്കുകയാണ്. ഇത് പോലീസിന് വലിയതലവേദനയാണ് സൃഷ്ടിക്കുന്നത്. പലയിടത്തും പോലീസ് സുരക്ഷ തുടരുകയാണ്.