മാറ്റത്തിനൊരുങ്ങി കോയിപ്രത്തെ ആരോഗ്യകേന്ദ്രങ്ങൾ

1.1 കോടി രൂപഅനുവദിച്ച് കേന്ദ്ര ധനകാര്യ കമ്മിഷൻ

കോയിപ്രം : നെല്ലിക്കൽ മെയിൻ സെന്ററിനും കുമ്പനാട് ആരോഗ്യ ഉപകേന്ദ്രത്തിനും 15-ാം കേന്ദ്ര ധനകാര്യ കമ്മിഷൻ ഒരുകോടി 10 ലക്ഷം രൂപ അനുവദിച്ചു. സെൻററുകളുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ ഭാഗമായി എൻ.എച്ച്.എം. എൻജിനിയർമാരായ അരുൺ ജേക്കബ് പ്രസാദും എം.എസ്. വിഷ്ണുറാമും കെ.പി.എച്ച്.സി.സി. ഉദ്യോഗസ്ഥൻ സക്കീർ ഹുസൈനും തിങ്കളാഴ്ച രണ്ട് സ്ഥലങ്ങളും പരിശോധിച്ചു.

നെല്ലിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിനുസമീപം ഉണ്ടായിരുന്ന പഴയ കെട്ടിടം നീക്കംചെയ്തിടത്താണ് പുതുതായി മെയിൻ സെൻറർ നിർമിക്കുന്നത്. 10, 11, 16 വാർഡുകളിലേക്കുള്ള ഉപ കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുന്നത്. കുമ്പനാട് ട്രഷറിക്കു സമീപം പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സമീപത്തായിരിക്കും ഒന്ന്, രണ്ട്, 18 വാർഡുകൾക്കു വേണ്ടിയുള്ള പുതിയ ഉപകേന്ദ്രം നിർമിക്കുന്നത്.

പുതിയ സബ് സെൻററിൽ നഴ്സിന്റെ സേവനം ലഭ്യമാക്കും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ പ്രത്യേക പരിശോധനയും ഉണ്ടാകും. പ്രമേഹം, അമിത രക്തസമ്മർദം എന്നിവ കണ്ടെത്താനുള്ള സ്ക്രീനിങ് മുറി, കാർഡ് ഉപയോഗിച്ച് പരിശോധന നടത്തുന്ന ലാബിനു വേണ്ടിയുള്ള മുറി, ഫാർമസി മുറി, രണ്ട് ശൗചാലയം, കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവ ഉണ്ടാകും.

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വെൽനസ് സെന്ററുകളിൽ യോഗ ക്ലാസുകൾക്കുള്ള സൗകര്യവും ഉണ്ടായിരിക്കും. ഒരു സാധാരണ ഹെൽത്ത് സബ് സെന്ററിനെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഇരിപ്പിടങ്ങളും വെൽനസ് സെന്ററുകളിൽ ഒരുക്കും.

പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. കോയിപ്രം പഞ്ചായത്ത് പ്രസിഡൻറും മെമ്പർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.