പന്നികളെക്കൊണ്ട് പൊറുതിമുട്ടി

കുന്നന്താനത്തും കവിയൂരിലും കപ്പക്കൃഷി നശിപ്പിച്ചു

ആഞ്ഞിലിത്താനം : കോലത്തുമല നെല്ലിമല ഭാഗത്തെ കാട്ടുപന്നിശല്യം കാരണം കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുന്നു. കഴിഞ്ഞദിവസം ഇവിടത്തെ കൃഷിയിടങ്ങളിൽ പന്നിക്കൂട്ടം അരയേക്കറോളം കപ്പ നശിപ്പിച്ചു. കോലത്ത് വിദ്യാധരന്റെ കൃഷിയാണ് കുത്തിമറിച്ചുകളഞ്ഞത്. 50,000 രൂപ കിട്ടേണ്ട കപ്പ പൂർണമായി വിളയുന്നതിന് മുന്നേ 10,000 രൂപയ്ക്ക് പറിച്ചു കെടുക്കേണ്ടിവന്നതായി വിദ്യാധരൻ പറഞ്ഞു. കപ്പക്കൃഷി ഏതാണ്ട് പൂർണമായും നശിപ്പിച്ചു. വാഴ, പയർ തുടങ്ങിയ കൃഷികളും നശിപ്പിക്കുകയാണ്.

കുന്നന്താനം പഞ്ചായത്തിന്റെ പല വാർഡുകളിലും പന്നിശല്യത്താൽ കർഷകർ ബുദ്ധിമുട്ടുന്നു. കൃഷി ഉപജീവനമാക്കിയിരുന്ന ഒട്ടേറെ ആളുകൾ ഇക്കാര്യത്താൽ പുരയിടങ്ങൾ വെറുതെയിടുന്ന നിലയാണ്. കൃഷിയിടത്തിന് ചുറ്റും സോളാർ വേലിയിടാനുള്ള സാഹചര്യം പലർക്കുമില്ല. ഉത്ഥാത്തുപടി- നെല്ലിമല റോഡിലൂടെ രാത്രികാലങ്ങളിൽ കാൽനടയായി പോകുന്നതും ഇരുചക്രവാഹനങ്ങളിലെ യാത്രയും അപകടകരമായി. കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിൽനിന്ന് പന്നികൾ വഴിയിലേക്ക് പെട്ടെന്ന് ചാടും.

കഴിഞ്ഞ കുറേമാസമായി കവിയൂരിൽ ഇവയുടെ ശല്യം കുറഞ്ഞിരുന്നതാണ്. എന്നാൽ, രണ്ടാഴ്ച മുമ്പ്‌ കോട്ടൂർ ഭാഗങ്ങളിൽ ഇവയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. പുന്നിലത്ത് മേച്ചേരിൽ കൃഷ്ണൻകുട്ടി, താന്നിമൂട്ടിൽ അനിയൻ എന്നിവരുടെ കപ്പക്കൃഷി ഇല്ലാതാക്കി. ഇവിടങ്ങളിൽ മിക്കവരും ഈ വർഷം കൃഷി നടത്തുന്നില്ല. പഞ്ചായത്തുകളിൽ ഇവയെ വെടിവെയ്ക്കാൻ ഷൂട്ടർമാരെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെത്തുമ്പോൾ പന്നികൾ സ്ഥലംവിടും. കർഷകർക്ക് നഷ്ടപരിഹാരം നൽകാനും പന്നിശല്യം ഒഴിവാക്കാനുമുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.