പന്നിപ്പടയെ പേടിച്ച് കർഷകൻ; കൃഷിയിടത്തിന് ലക്ഷങ്ങളുടെ കവചം

തെങ്ങമം : കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി സംരക്ഷിക്കാൻ ലക്ഷങ്ങൾ മുടക്കി വേലിയും മറ്റു സുരക്ഷാ സംവിധാനങ്ങളുമൊരുക്കി കർഷകൻ. തെങ്ങമം കളീക്കൽ തെക്കേതിൽ ആർ. സന്തോഷ് കുമാർ (35) ആണ് പാട്ടത്തിനെടുത്ത രണ്ടേക്കർ കൃഷിയിടത്തിന് ചുറ്റും സുരക്ഷാവേലി തീർത്തത്.തെങ്ങമം മേഖലയിൽ പന്നിശല്യം രൂക്ഷമാണ്.

നേരത്തേ കൃഷിചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം കാട്ടുപന്നികൾ വ്യാപകമായി കൃഷിനാശംവരുത്തിയിരുന്നു. തുടർച്ചയായ നഷ്ടങ്ങൾ കണക്കിലെടുത്താണ് ആറുമാസംമുൻപ് പാട്ടത്തിനെടുത്ത പുതിയ കൃഷിയിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സന്തോഷ് തീരുമാനിച്ചത്.രണ്ടേക്കർ പുരയിടത്തിന് ചുറ്റും വേലിസ്ഥാപിച്ചതിനുപുറമേ വാഴയ്ക്കും വെറ്റിലയ്ക്കും താങ്ങായി ഇരുമ്പുപൈപ്പുകളും നാട്ടി. കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളും ഉൾപ്പെടെയുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നതിനായി പ്രത്യേക വേലികളും ഒരുക്കിയിട്ടുണ്ട്.കൃഷിയിടം സുരക്ഷിതമാക്കാൻ ഇതുവരെ അഞ്ചുലക്ഷം രൂപയാണ് സന്തോഷ് ചെലവഴിച്ചത്. കൃഷിയിൽനിന്നുള്ള വരുമാനത്തേക്കാൾ വലിയതുക കൃഷി സംരക്ഷണത്തിനായി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വിളകൾ നശിപ്പിക്കുന്ന പന്നിശല്യത്തിൽനിന്ന് കൃഷിയിടത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ യുവകർഷകൻ.

45 ലക്ഷത്തിന്റെ ഫെൻസിങ് പദ്ധതി

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ കർഷകർക്ക് പന്നിയെ പേടിക്കാതെ കൃഷിചെയ്യാൻ ഫെൻസിങ് സംവിധാനം ഒരുക്കുന്നു. ഇതിനായി 45 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ സി.ആർ. ദിൻരാജ് പറഞ്ഞു.

സബ്സിഡി സംവിധാനത്തിലാണ് പദ്ധതി കർഷകർക്ക് പ്രയോജനപ്പെടുത്തുന്നത്. കൂടാതെ 32 കാട്ടുപന്നികളെയാണ് ഇതുവരെ ഷൂട്ടർമാരെ ഉപയേഗിച്ച് വെടിവെച്ചുകൊന്നത്. ഇതിനുപുറമേ കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ 73 പന്നികളെ ചത്ത നിലയിലും കണ്ടെത്തിയതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ദിൻരാജ് പറഞ്ഞു.