കാക്കാരിശ്ശിനാടകരൂപത്തിൽ ലഹരി ബോധവത്കരണം

തുമ്പമൺ : ലഹരിക്കെതിരേ പോരാടാൻ കേരളത്തിലെ നാടൻകലയായ കാക്കാരിശ്ശി രൂപത്തിൽ ബോധവത്കരണം. തുമ്പമൺ ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രവും ചേർന്നാണ് തുമ്പമൺ ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാക്കരിശ്ശി നാടകം അവതരിപ്പിച്ചത്. എം.ജി.എച്ച്.എസ്.എസിൽ നടന്ന ബോധവത്കരണ പരിപാടിയിൽ മുദ്ര സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് അംഗങ്ങളാണ് നാടകം അവതരിപ്പിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാമുവേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷൈനി, സുധ, ജീജാ ബാബു, അജിതാ റോയി, ജെയ്സ്, ഹെൽത്ത് സൂപ്പർവൈസർ ജോൺ പി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. ആശ വിഷയാവതരണം നടത്തി. ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ആർ. സജിത്ത് ലഹരിക്കെതിരേയുള്ള സന്ദേശം നൽകി.