വെള്ളം ചുമന്ന് അങ്കണവാടി ജീവനക്കാർ; ഇല്ലാത്ത വെള്ളത്തിന് ബില്ലിട്ട് ജല അതോറിറ്റി

കളമല : ഏനാത്ത് കളമലയിലെ അങ്കണവാടിയിൽ ജലഅതോറിറ്റി പൈപ്പ് വഴി വെള്ളമെത്തിയിട്ട് മൂന്ന് വർഷത്തിലേറെയായി. സമീപത്തെ വീടുകളിൽനിന്ന് ജീവനക്കാർ വെള്ളം ചുമന്നുകൊണ്ടുവന്നാണ് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇല്ലാത്ത വെള്ളത്തിന് ബില്ലും അയച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി. ഏഴംകുളം പഞ്ചായത്ത് കളമല വാർഡിലെ പത്താം നമ്പർ അങ്കണവാടിക്കാണ് ഈ സ്ഥിതി. കുടിവെള്ള കണക്ഷൻ വഴി മൂന്ന് വർഷം മുൻപ് വരെ വെള്ളം ലഭിച്ചിരുന്നു. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് ജീവനക്കാർ നേരത്തെ വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിരുന്നു.

അധികൃതർ സ്ഥലം പരിശോധിച്ചശേഷം കുടിവെള്ള പൈപ്പ് ലൈൻ പണി നടക്കുന്നതിനാലാണ് വെള്ളം ലഭിക്കാത്തതെന്ന മറുപടിയാണ് നൽകിയതെന്ന് ജീവനക്കാർ പറയുന്നു. മുൻപ് വെള്ളം ലഭിക്കാത്തതിനാൽ സീറോ ബില്ലാണ് വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ മുതൽ പണം അടയ്ക്കേണ്ട ബില്ലുകൾ ലഭിച്ചു തുടങ്ങി. കഴിഞ്ഞമാസം ലഭിച്ച ബിൽ തുക 1638 രൂപയാണ്. വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ ബില്ല് കൂടി വന്നതോടെ കണക്ഷൻ ഒഴിവാക്കുന്ന കാര്യം സി.ഡി.പി.ഒ.യെ അറിയിച്ചിട്ടുണ്ടെന്ന് അങ്കണവാടി വർക്കർ പറഞ്ഞു. നിലവിൽ 12 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. ഇവർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും സമീപത്തെ വീടുകളിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരികയാണ് പതിവ്. അങ്കണവാടിയിലെ രണ്ട് ജീവനക്കാർ മാറിമാറിയാണ് ഈ ജോലി ചെയ്യുന്നത്. എന്നാൽ, അത്യാവശ്യത്തിന് ഒരാൾക്ക് അവധിയെടുക്കേണ്ടി വന്നാൽ കുട്ടികളെ തനിച്ചാക്കി വെള്ളം ശേഖരിക്കാൻ പോകാനാവാത്ത സ്ഥിതിയുമുണ്ട്. മുൻവർഷങ്ങളിൽ അങ്കണവാടിയിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളും വെള്ളം എത്തിക്കാൻ സഹായിച്ചിരുന്നു.

എന്നാൽ വേനൽക്കാലത്ത് സമീപത്തെ വീടുകളിലും വെള്ളം കുറയുന്നതോടെ ആവശ്യത്തിന് വെള്ളം ശേഖരിക്കുക പ്രയാസമാകും. വേനൽക്കാലത്ത് കൊല്ലം ജില്ലയിലുൾപ്പെടുന്ന സമീപ പഞ്ചായത്തിൽ ടാങ്കറിൽ എത്തിച്ച കുടിവെള്ളവും ആശ്രയിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.