കാഴ്ച മറച്ച് പുല്ലുവളർന്നു; റോഡ് കാടായി

തിരുവല്ല : നഗരത്തിലെ ഉൾപ്രദേശങ്ങളിൽ കാഴ്ച മറച്ച് റോഡരികിൽ പുല്ല് വളർന്നിട്ടും വെട്ടി നീക്കാൻ നടപടിയില്ല. യഥാസമയം പുല്ലുവെട്ടലും ശുചീകരണവും നടത്താത്തതിനാൽ പാമ്പ്, ഉടുമ്പ്, കീരി തുടങ്ങിയവയുടെ ശല്യം വർധിച്ചതായി നാട്ടുകാരുടെ പരാതി. പല പ്രദേശങ്ങളിലും റോഡുകൾ തിരിച്ചറിയാൻ കഴിയാത്തവിധം പുല്ലും കാടും വളർന്നിരിക്കുകയാണ്. മാർത്തോമാ കോളേജ്-റെയിൽവേ സ്റ്റേഷൻ റോഡിൽ ഇരുവശത്തും രണ്ടടിയിലധികം പുല്ലും മറ്റ് സസ്യങ്ങളും വളർന്നിട്ടുണ്ട്. ചുമത്ര, കുറ്റപ്പുഴ, ആമല്ലൂർ പ്രദേശങ്ങളിലെ റോഡുകളിലും ഇതാണ് സ്ഥിതി. വാർഡുകളിലെ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കാടുവെട്ടിത്തെളിക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ അനുവദിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായി കൗൺസിലർമാർ ആരോപിക്കുന്നു. ചിലഭാഗങ്ങളിൽ മാത്രമായി കാടുതെളിക്കൽ ഒതുങ്ങിപ്പോകുന്നതായും ആക്ഷേപമുണ്ട്. നഗരസഭയിൽ ശുചീകരണ വിഭാഗത്തിൽ പുതുതായി ഇരുപതോളം തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ഓരോ വാർഡിൽനിന്നും പ്രതിവർഷം നികുതിയിനത്തിൽ മാത്രം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.

നഗരസഭയിൽ പലതവണ പരാതി അറിയിച്ചിട്ടും പുല്ലുവെട്ടലിനും ശുചീകരണത്തിനും ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

ചിലയിടങ്ങളിൽ കൗൺസിലർമാർ സ്വന്തം പണം ചെലവഴിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒമ്പതാം വാർഡ് കൗൺസിലർ അഞ്ജു ബേബി പറഞ്ഞു.