ആനിക്കാട് കാവനാൽക്കടവ് പാലംകടക്കാൻ വെള്ളക്കുഴി താണ്ടണം

മല്ലപ്പള്ളി : താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് അരികിലൂടെ ആനിക്കാട് പഞ്ചായത്തിലെ പുല്ലുകുത്തിയിലെത്താം. കോട്ടയം ജില്ലയിലെ കറുകച്ചാൽ, നെടുംകുന്നം തുടങ്ങിയ സ്ഥലങ്ങളും ഇതേ വഴിയുടെ തുടർച്ചയിലാണ്. ഈ മാർഗത്തിലെ പ്രധാന കണ്ണിയായ കാവനാൽ കടവ് പാലത്തിലേക്കുള്ള പാത വെള്ളക്കെട്ടായി കിടക്കുന്നു.
കോടികൾ ചെലവുചെയ്ത് നിർമിച്ച പാലം 2020 ജൂലായ് ആറിനാണ് ഉദ്ഘാടനം നടത്തിയത്. അടുത്ത മഴയ്ക്ക് മുരണിയിൽനിന്ന് പാലത്തിലേക്കെത്തുന്ന പാത വെള്ളക്കുഴിയായി. കലുങ്ക് വേണ്ടയിടത്ത് അത് പണിയാതെ കൊരുപ്പുകട്ട ഇട്ട് അധികൃതർ സ്ഥലം വിട്ടതാണ് ഇതിന് കാരണം. അന്നുമുതൽ ഇവിടെ വെള്ളമൊഴിയാത്ത നേരമില്ല. വേനലിലും സ്ഥിതി ഭിന്നമല്ല. പ്രവർത്തന മികവിന് സംസ്ഥാനതല പുരസ്കാരങ്ങൾ പലതവണ നേടിയ ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം, മഹാറാണി സേതു ലക്ഷ്മി ഭായി വിലാസം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രം, മുരണി ഭദ്രകാളി ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിലെത്താൻ ഇവിടം കടക്കണം. എന്നിട്ടും നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിന് നീക്കമില്ല. ബസ് സർവീസുകളുടെ കാര്യത്തിലും ഈ അവഗണന തുടരുന്നു.
തെള്ളിയൂർ മേഖലയിലെ റോഡുകൾ തകർന്നു
തെള്ളിയൂർ : എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് ഭാഗമായ തെള്ളിയൂർ മേഖലയിലെ റോഡുകൾ തകർന്നുകിടക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇതിലേയുള്ള യാത്ര ദുരിതമായിട്ടുണ്ട്. തെള്ളിയൂർക്കാവ്-വള്ളിക്കാല, തെള്ളിയൂർക്കാവ്-കോളഭാഗം, തെള്ളിയൂർക്കാവ്-കോളറത്തുപടി-ലക്ഷംവീട് തുടങ്ങിയ റോഡുകളാണ് പൊളിഞ്ഞുകിടക്കുന്നത്. ലക്ഷം വീട് റോഡിൽ വഴിവിളക്കുകളുമില്ല. വൃശ്ചിക വാണിഭത്തിനായി എത്തുന്ന കച്ചവടക്കാരും സന്ദർശകരും റോഡിന്റെ ഇരുവശങ്ങളും ശൗചാലയമായി മാറ്റിയതായും പരാതിയുണ്ട്.