വിറപ്പിച്ചു

കനത്തമഴ: ഇലന്തൂർ, നാരങ്ങാനം ഭാഗങ്ങളിൽ വീടുകൾ തകർന്നു

പത്തനംതിട്ട : വ്യാഴാഴ്ചയുണ്ടായ കനത്തമഴയിൽ ഇലന്തൂർ, നാരങ്ങാനം പഞ്ചായത്തുകളിൽ വ്യാപകനാശം. ഇലന്തൂർ പഞ്ചായത്തിലെ തുമ്പമൺചിറ, വരട്ടുചിറഭാഗത്തും നാരങ്ങാനം പഞ്ചായത്തിലെ ഭജനമഠം ഭാഗത്തുമാണ് നാശം. തുമ്പമൺ തറയിൽ ആഞ്ഞിലിവീണ് ഉറുമ്പിൻ കിഴക്കേതിൽ ലേഖയുടെ വീട് പൂർണമായും തകർന്നു. വൈദ്യുതിത്തൂൺ ഒടിഞ്ഞതോടെ പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതിയുമില്ല.

രണ്ടാം വാർഡിലെ ഉന്നതിയിൽ താമസിക്കുന്ന കുറ്റിയാൽ ഭവാനി, ശശി വട്ടമുരുപ്പേൽ, രമേശൻ പുതുവേലിൽ, ശ്രീലേഖ കണിയാങ്കണ്ടത്തിൽ, തുളസി ചേനംചിറ, സുനിൽ നെടുമുരിപ്പിൽ എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. മൂന്നാം വാർഡിലെ അറപ്പുരയ്ക്കൽ രമ്യ, വാലുമണ്ണിൽ ദേവരാജൻ, കണ്ടനോലിക്കൽ സജി, ഭാസ്കരൻ വിലാസം വിജയമ്മ എന്നിവരുടെ വീടിനും നാശമുണ്ടായി.

നാരങ്ങാനം പഞ്ചായത്തിലെ ഭജനമഠത്ത് ചുട്ടുമണ്ണിൽ പുരുഷോത്തമനാചാരിയുടെ വീടിന് മുകളിൽ ആഞ്ഞിലിവീണ്‌ വീട് ഭാഗികമായി തകർന്നു. കനത്തമഴയിൽ തോന്ന്യാമലയിലെ കാഞ്ഞിരപ്പാറ മുള്ളനാക്കുഴി വീട്ടിൽ സജി തോമസിന്റെ കൃഷിയും നശിച്ചു. 40 മൂട് വാഴ, 15 ആഞ്ഞിലി എന്നിവയാണ് നശിച്ചത്.