വെണ്ണീർവിളയിൽ കർഷകന്റെ കണ്ണീർ

ബണ്ടിന്റെ പണികൾ വൈകുന്നത് പ്രതിസന്ധി
കവിയൂർ : ഇക്കുറിയും കർഷകരെ പ്രതിസന്ധിയിലാക്കി വെണ്ണീർവിള പുഞ്ചയിലേക്കുള്ള ബണ്ടുകളുടെ പണികൾ വൈകുന്നു. കൃഷിയിറക്കേണ്ട സമയമെത്തിയിട്ടും ബണ്ടുകളുടെ പണികൾ എങ്ങുമെത്തുന്നില്ല. ഇതിനായി കരിങ്കല്ലും സിമന്റും ഇറക്കിയതല്ലതെ പ്രവൃത്തികൾ നടത്തുന്നില്ലെന്നാണ് കർഷകസമിതിയുടെ ആക്ഷേപം.
ബണ്ട് തകർന്നിട്ട് 10 വർഷത്തിന് മുകളിലായി. ജലസേചനത്തിന് മാർഗം കണ്ടെത്താൻ കഴിയാതെ പലരും നെൽകൃഷിയിൽനിന്ന് പിൻവാങ്ങി കഴിഞ്ഞു.
വേനലിന്റെ തുടക്കത്തിൽതന്നെ തോടുകളിലെ നീരൊഴുക്ക് നിലയ്ക്കും. ബണ്ടുകളിലൂടെ വെള്ളം എത്തിച്ചെങ്കിലേ കൃഷിയെ സംരക്ഷിക്കാൻ കഴിയൂ. നിലവിലെ സ്ഥിതിയിൽ അതിന് പറ്റില്ല.
മൈനർ ഇറിഗേഷൻ ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുന്നതായിട്ടാണ് കർഷകരുടെ ആക്ഷേപം.
ഒരോ വർഷവും ഇവ ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ വിത്തു വിതയ്ക്കുന്നത്. കൈത്തോടുകളിലും ചാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളമാണ് മിക്കപ്പോഴും കൃഷിക്കായി ഉപയോഗിക്കുക. മോട്ടോറിന്റെ സഹായത്താൽ ഇതിനകത്തുനിന്ന് വെള്ളം പാടത്തേക്ക് അടിച്ചിറക്കാൻ നല്ലൊരു തുക ചെലവാകും.
വെള്ളത്തിന് കിലോമീറ്ററുകൾ താണ്ടണം
വെണ്ണീർവിളയ്ക്കുവേണ്ടിയുള്ള ജലസേചനം പെരുംപടിനിന്നാണ് നടത്തിയിരുന്നത്. ഇവിടെനിന്ന് പമ്പിങ് നടത്തി വേണം വാക്കേക്കടവുവരെ നീളുന്ന എട്ടുകിലോമീറ്ററോളം ദൂരത്തെത്തിക്കാൻ. ബണ്ടിന്റെ ഒട്ടുമുക്കാലും ഭാഗങ്ങൾ കാലപ്പഴക്കംകാരണം പൊട്ടിപ്പൊളിഞ്ഞു. മുതയ്ക്കൽവരെ ഒരു കിലോമീറ്റർ ദൂരത്തുമാത്രമാണ് വലിയ കുഴപ്പമില്ലാത്തത്. ബാക്കിയൊക്കെ പുല്ലുവളർന്നനിലയിലാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാറില്ല.
ഇതിനാൽ പമ്പിങ് നടത്തിയാലും ചോർച്ചകാരണം വെള്ളം നിലങ്ങളിൽ എത്താതെ പാഴായിപ്പോകുന്നു. വെണ്ണീർവിളയുടെ ഭാഗങ്ങളായ തുരുത്ത്, തറക്കീഴ്, വാക്കേക്കടവ് തുടങ്ങിയ പ്രദേശങ്ങൾ ജലസേചനപ്രശ്‌നത്താൽ തരിശുനിലങ്ങളായി മാറിയിരിക്കുകയാണ്.
വിത നടക്കില്ല
കൃഷിയിറക്കുന്ന സമയമാകുമ്പോൾ എല്ലാ സഹായവും നൽകുമെന്ന് പറയും. വെള്ളത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇതുണ്ടാവില്ല. തോടുകളും വറ്റിവരളും. ഇതിനാൽ കൈക്കാശ് മുടക്കി ജലം എത്തിക്കേണ്ട അവസ്ഥയാണ്. പണികൾ ഇനിയും വൈകിയാൽ വിത നടക്കില്ല.
- ടി.കെ. തുളസീദാസ്
(പാടശേഖരസമിതി പ്രസിഡന്റ്, വെണ്ണീർവിള)