കവിയൂർ പുഞ്ച: തോടുകളിൽ പായലും പോളയും പ്രശ്നങ്ങൾ മേജറാണ്

പടിഞ്ഞാറ്റുംചേരി : കവിയൂർ പുഞ്ചയിൽ തോടുകളിലെ പായലും പോളയും നീക്കാത്തത് കർഷകർക്ക് പ്രതിസന്ധി. നാട്ടുക്കടവ് ഭാഗത്താണ് കണ്ണൊത്തദൂരത്തിലിവ മൂടിക്കിടക്കുന്നത്.

ഏക്കറുക്കണക്കിന് പാടശേഖങ്ങളിലെ നെൽക്കൃഷിക്കിത്‌ വെല്ലുവിളിയാണ്. 2007-ൽ ജനകീയ കൂട്ടായ്മയിൽ വീണ്ടെടുത്ത പുഞ്ചയാണിത്. 800 എക്കറോളം വരുന്ന പുഞ്ചയിൽ ഭൂരിഭാഗവും കാൽനൂറ്റാണ്ടോളം തരിശുകിടന്നു. കൃഷിക്ക്‌ തടസ്സമായി മുന്നിൽനിന്നിരുന്നത് ജലസേചന സൗകര്യമായിരുന്നു. അതിന് പരിഹാരമായി തോടുകൾ വീണ്ടെുക്കാൻ ജനകീയ കൂട്ടായ്മയുണ്ടായി. പായലും മാലിന്യവും നിറഞ്ഞ ജലസ്രോതസ്സുകൾ അങ്ങനെ കഠിന പ്രയത്‌നത്തിൽ വൃത്തിയാക്കിയെടുത്തു. വിത നടത്തി.

അക്കൊല്ലം മികച്ചവിളവും നേടാനായി. ഒരിക്കലും വറ്റാത്ത നാട്ടുക്കടവിലെ തോടാണ് കവിയൂർ പുഞ്ചയുടെ നട്ടെല്ല്. മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴുംകൂട്ടി തെളിച്ചെടുത്തു. അന്നത്തെ പ്രവൃത്തി അല്ലാതെ ഇത്രയും കാലത്തിനിടെ പിന്നീടിത് തെളിച്ചിട്ടില്ല. ഇന്നിത് ഒഴുക്കുനിലച്ച അവസ്ഥയിലെത്തി. കറ്റോട് വലിയ തോട്ടിലെയും കുറ്റപ്പുഴഭാഗത്തെയും അവസ്ഥ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടുകണ്ട് ബോധ്യപ്പെടേണ്ടതാണ്.

കാടുകളും വൻമരങ്ങളും മാലിന്യവും ഉൾപ്പെടെ ഒഴുക്കു തടയുന്നു. കുറ്റപ്പുഴത്തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ചാൽ കവിയൂരിന് മാത്രമല്ല ഗുണം. തിരുവല്ല നഗരസഭ, പെരിങ്ങര, പായിപ്പാട്, ആഞ്ഞിലിത്താനം തുടങ്ങിയ ഇടങ്ങളിലെ കൃഷിക്കും ഉപകാരപ്പെടും. കറ്റോട് തോട്ടിലൂടെ പുഞ്ചയിലേക്ക് കയറുന്ന വെള്ളം കുറ്റപ്പുഴത്തോട്ടിലൂടെ വേണം പോകാൻ. വിത്തിടാൻ കഷ്ടിച്ചൊരുമാസം ബാക്കിയാണ്. മൈനർ ഇറിഗേഷൻ വകുപ്പാകട്ടെ, ഇവിടത്തെ പ്രശ്‌നം കണ്ടില്ലെന്നമട്ടാണ്. കൈക്കാശ് മുടക്കി പാടത്തെയും തോട്ടിലെയും പായൽ കർഷകർ വാരിമാറ്റിയാലേ കൃഷിനടക്കൂ. ഇതിനാൽ കൃഷിച്ചെലവ് ഇരട്ടിയാകും. നിലങ്ങളിൽ പൂട്ടിയടിക്കുന്ന വേളയിൽ പായലും പോളയുമൊക്കെ ചെളിയിൽ താഴ്ത്തുകയാണ് ചെയ്യുന്നത്. എന്നാലും, അതിനകത്ത് ചീഞ്ഞളിഞ്ഞുകിടന്ന് വീണ്ടും മുളച്ചുപൊന്തും, തോട്ടിലും നിറയും. ആണ്ടുതോറും ഇവയൊക്കെ നീക്കി വിത്തിടുക ബുദ്ധിമുട്ടായതുകാരണം ഇക്കുറി പലരും നിലം തരിശിടാനാണ് തീരുമാനം. ഹെക്ടറിന് 90,000 രൂപ മുടക്കിയാലേ കൊയ്തുകയറാനാവൂ. ഇതാണ് നിലിവലെ സ്ഥിതി. മൈനർ ഇറിഗേഷൻ വകുപ്പ് ഒന്നുംചെയ്യാത്തതാണ് പ്രശ്നപരിഹാരത്തിന് തടസ്സമാകുന്നതെന്നാണ് പാടശേഖരസമിതികളുടെ ആക്ഷേപം.