മലയാലപ്പുഴയിൽ വേണ്ടേ ശബരിമല ഇടത്താവളം

#കെ.ആർ.കെ. പ്രദീപ്

മലയാലപ്പുഴ: ശബരിമല ഇടത്താവളം പദ്ധതിയിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പല പഞ്ചായത്തുകളും ഉൾപ്പെട്ടിട്ടുണ്ട്. 60 ദിവസത്തെ ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരിൽ നല്ലൊരുഭാഗം മലയാലപ്പുഴ ദേവീക്ഷേത്രത്തിലും തൊഴാൻ എത്തുന്നുണ്ട്. നാട്ടുകാരും പുറംനാട്ടുകാരുമായി ആയിരക്കണക്കിന് ഭക്തരാണ് മലയാലപ്പുഴയിൽ ശബരിമല സീസണിൽ വരുന്നത്. ഇവർക്ക് വേണ്ട അടിസ്ഥാനസൗകര്യം ക്രമീകരിക്കാൻ ദേവസ്വംബോർഡിനോ മലയാലപ്പുഴ ഉപദേശകസമിതിക്കോ കഴിയില്ല.

പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതിനായി കൂടുതൽ സഹായം കിട്ടണം. ഇതിനായി സർക്കാർ തലത്തിൽ തീരുമാനമുണ്ടായെങ്കിലേ കഴിയൂ. മലയാലപ്പുഴയുടെ സമീപ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി ശബരിമല ഇടത്താവള പദ്ധതിപ്രകാരം അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ അടിസ്ഥാനകാര്യങ്ങൾ ഒരുക്കുന്നതിന് കിട്ടുന്നുണ്ട്. ഇടത്താവളങ്ങളിലെ ശുചീകരണം, തെരുവുവിളക്ക് കത്തിക്കൽ, ശൗചാലയസംരക്ഷണം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്. മലയാലപ്പുഴയിലും ശബരിമല തീർഥാടകർക്ക് പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.

ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാകണമെങ്കിൽ തെരുവുവിളക്കുകൾകൂടി തെളിയണം. കുമ്പഴ മുതൽ കാഞ്ഞിരപ്പാറ വരെയും മണ്ണാറക്കുളഞ്ഞി മുതൽ മലയാലപ്പുഴ വരെയും കാഞ്ഞിരപ്പാറ കിഴക്കുപുറം റോഡിലും തെരുവുവിളക്കുകൾ ശബരിമല സീസൺ കാലത്ത് മുടക്കമില്ലാതെ തെളിയണം. ക്ഷേത്രത്തിൽ വിശ്രമിക്കാൻ എത്തുന്ന തീർഥാടകർക്ക് സദ്യാലയം തുറന്നുകൊടുക്കാറുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളംകിട്ടണം. ഉയർന്ന പ്രദേശമായതിനാൽ മലയാലപ്പുഴയിൽ വെള്ളക്ഷാമം പതിവാണ്.

സർക്കാർ ശബരിമല ഇടത്താവളം പദ്ധതിയിൽ മലയാലപ്പുഴയെ ഉൾപ്പെടുത്തിയാൽ പഞ്ചായത്തിന് വർഷംതോറും ഗ്രാന്റ് കിട്ടും. അതിന്റെ അടിസ്ഥാനത്തിൽ മുൻകരുതലുകൾ എടുക്കാൻ കഴിയും.

മലയാലപ്പുഴയിൽ എത്തുന്ന തീർഥാടകർക്ക് അത്യാവശ്യകാര്യങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്തിനും ഉത്തരവാദിത്വം വരും. മലയാലപ്പുഴയെ ശബരിമല ഇടത്താവളപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ശബരിമലയിൽ മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്രയും മലയാലപ്പുഴ ക്ഷേത്രത്തിലൂടെയാണ് പോകുന്നത്.