കാണാതെ പോകരുതേ, ഈ അപകടക്കെണി...

കുന്നന്താനം : മഠത്തിൽക്കാവ് ക്ഷേത്രത്തിന് സമീപം പൊതുമരാമത്ത് പാതയുടെ വശങ്ങളിലെ കെട്ടിടിഞ്ഞത് അപകടഭീഷണിയായി. കുന്നന്താനം- മഠത്തിൽക്കാവ്-നെടുങ്ങാടപ്പള്ളി റോഡിലാണ് തോടിനോടുചേർന്നുള്ള ഭാഗത്തെ കരിങ്കൽക്കെട്ടിടിഞ്ഞ് കിടക്കുന്നത്. അരനൂറ്റാണ്ടിന് അടുത്ത് പഴക്കമുള്ള കെട്ടാണ്. ഇവിടെ പാടശേഖരത്തോട് ചേർന്ന് വലതുഭാഗത്താണ് കല്ലുകൾ ഇളകി തോട്ടിലേക്ക് വീണിട്ടുള്ളത്.
ചെമ്മണ്ണ് ഊർന്നുപോയി ടാറിങ്ങിന് അടിഭാഗം ഗുഹപോലെ നിൽക്കുന്നു. 50 മീറ്ററോളം ദൂരത്തിൽ മണ്ണ് ഊർന്നുപോയിട്ടുള്ളത്. ഏതുസമയവും ഇവിടം ഇടിഞ്ഞുവീഴുന്ന നില. റോഡിന് വീതി കുറവാണ്. വലിയ വാഹനങ്ങൾ ഓടുമ്പോൾ കെട്ടിടത്തോട് ചേർന്നാണ് പോകുന്നത്. വഴിയോരം ഇടിഞ്ഞ് തോട്ടിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. മഠത്തിൽക്കാവിലേക്ക് തിരിയുന്നിടത്ത് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം മുതൽ ഏകദേശം 200 മീറ്ററോളം ദൂരമാണ് വശങ്ങളിൽ കെട്ടുള്ളത്. നീരൊഴുക്കിന്റെ ശക്തിയാൽ ഇതിന്റെ അടിത്തറ ബലക്ഷയത്തിലാണ്. തിരക്കേറിയ പാതയിലൂടെ സ്കൂൾബസുകളടക്കം അനവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇവിടെ കെട്ടിടിഞ്ഞ് കിടക്കുന്നത് റോഡിലൂടെ പോകുന്ന വേളയിൽ കാണാൻ കഴിയില്ല. ഇതിനോട് ചേർന്നുകിടക്കുന്ന പുരയിടത്തിൽ തോടിന്റെ ഭാഗത്തെ കാട് തെളിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിനകം കല്ലുകൾ കൂനക്കൂടി വീണ് ഒഴുക്കും തടസ്സപ്പെടുന്നു. നടയ്ക്കൽ- ഒട്ടിയക്കുഴി-മഠത്തിൽക്കാവ്, മാന്താനം- പുളിന്താനം റോഡുകൾ സന്ധിക്കുന്ന വഴിയാണ്.