വെള്ളവും ശൗചാലയവുമില്ല

തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിൽ പൗരപ്രതിഷേധം

തെള്ളിയൂർക്കാവ് : മധ്യതിരുവിതാംകൂറിലെ പ്രസിദ്ധ വ്യാപാര-വാണിജ്യമേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ നഗരിയിൽ ആവശ്യമായ പ്രാഥമികസൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധം. ക്ഷേത്രവളപ്പിലെ വ്യാപാരമേളയുടെ നടത്തിപ്പിന് 50 ലക്ഷത്തോളം രൂപ ലേലം ഇനത്തിൽ വരുമാനമുണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ട ശ്രദ്ധ നൽകുന്നില്ലെന്നാണ് പരാതി.

വ്യാപാരികൾക്കും മേള കാണാനെത്തുന്നവർക്കും പ്രാഥമിക കൃത്യനിർവഹണത്തിന് സംവിധാനമില്ല. എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ 20 ശൗചാലയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ എത്തിച്ച ഏതാനും എണ്ണം മൈതാനത്ത് അനാഥമായി കിടക്കുന്നതാണ് രാവിലെ വന്നവർ കണ്ടത്.

തഹസിൽദാരും ത്രിതല പഞ്ചായത്ത് അധികൃതരും പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾക്ക് യാതൊരുവിലയും ദേവസ്വം ബോർഡ് നൽകിയില്ല.

വെള്ളം എത്തിക്കാമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിനും നടപടിയില്ലെന്നും ഉപദേശക സമിതി അംഗങ്ങൾ പറയുന്നു.

ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ്‌ പി.ജി. സതീഷ് കുമാർ, സെക്രട്ടറി എം.ആർ. ദിലീഷ്, എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ അനിൽ പൈക്കര, മെമ്പർമാരായ പി.എ. അനിൽ കുമാർ, കുഞ്ഞുമോൾ പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരെ പ്രതിഷേധം അറിയിച്ചു.

ഓഫീസിന് മുന്നിൽ ധർണയും നടത്തി.