തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നുപഴകുളം വീണ്ടും ദുരിതത്തിൽ

പഴകുളം : കക്കൂസ് മാലിന്യം തള്ളുന്നവരുടെ സ്ഥിരം താവളമായി പഴകുളം മാറുന്നു. ഞായറാഴ്ച പുലർച്ചെ പഴകുളം-പന്നിവേലിക്കൽ ഭാഗത്തെ തോട്ടിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. പന്തളം നഗരസഭയിലെ ആതിരമല-പറന്തൽ ഭാഗത്തും സമാനമായി മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം അബു എബ്രഹാം വീരപ്പള്ളിൽ, പന്തളം നഗരസഭാ കൗൺസിലർ വിനോദ്, ഹരിത കർമസേനാംഗം ജെ. ഷീന എന്നിവരുടെ നേതൃത്വത്തിൽ കക്കൂസ് മാലിന്യം തള്ളിയ വെള്ളത്തിൽ ശുചീകരണ ലായിനി ഒഴിച്ചു. മൂന്നുമാസത്തിനിടെ പഴകുളം മേഖലയിൽ മാത്രം ആറാം തവണയാണ് കക്കൂസ് മാലിന്യം തള്ളുന്നത്.
കനാലിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവായതോടെ വെള്ളം കറത്ത നിറത്തിലായെന്നും കിണറുകളിലേക്ക് ഊറ്റുവഴി മലിനജലം എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളം പോലും മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വാഹനം പിടിക്കും, പിന്നെ എന്ത്?
മാലിന്യം തള്ളിയ വാഹനങ്ങൾ നേരത്തേ പലതവണ പിടികൂടിയിട്ടും ശക്തമായ തുടർനടപടികൾ ഉണ്ടാകാത്തതാണ് മാലിന്യം തള്ളുന്നവർക്ക് ധൈര്യമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടുമാസം മുൻപ് പഴകുളത്ത് മാലിന്യം തള്ളിയ ഒരു വാഹനം അടൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുമുൻപും നിരവധി വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. എന്നാൽ, വലിയ നടപടികൾ നേരിടേണ്ടിവരാത്തതിനാൽ വാഹനങ്ങൾ വേഗത്തിൽ തിരികെ ലഭിക്കുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.
2024-ലും പഴകുളം മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ടറിയാൻ അന്ന് ജില്ലാ കളക്ടർ പ്രദേശത്തെത്തി നാട്ടുകാരുടെ പരാതി കേട്ടിരുന്നു. കനാലിലെ കാടുമൂടിയ സ്ഥിതിയും നാട്ടുകാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിലെ കാടുകൾ നീക്കം ചെയ്തു.
കനാലിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽനിന്ന് വെള്ളം ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ മാലിന്യം കലർന്നതായി പരിശോധനഫലം ലഭിച്ചതായും നാട്ടുകാർ പറയുന്നു. ഇതോടെ പോലീസ് രാത്രികാല പരിശോധന ശക്തമാക്കി നിരവധി വാഹനങ്ങൾ പിടികൂടി. പഴകുളം ഫോറസ്ട്രി പാർക്കിന് സമീപം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് ക്യാമറയും സ്ഥാപിച്ചു.ഇത്രയൊക്കെ നടപടികൾ ഉണ്ടായിട്ടും മാലിന്യം തള്ളൽ വീണ്ടും തുടരുകയാണ്. രാത്രിയുടെ മറവിൽ തോട്ടിലും കനാലിലും മാലിന്യം തള്ളുന്ന സംഘങ്ങളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.