മലയാലപ്പുഴ ക്ഷേത്രം നവീകരിക്കണമെങ്കിൽ ബോർഡ് കനിയണം

മലയാലപ്പുഴ : മണ്ഡലകാലത്ത് ദിവസവും നൂറുകണക്കിന് അയ്യപ്പഭക്തരാണ് ദർശനം നടത്താൻ മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ എത്തുന്നത്.
വരുമാനത്തിന്റെ കാര്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. പക്ഷേ ഈ പ്രാധാന്യമൊന്നും ക്ഷേത്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങളിൽ പരിഗണിക്കപ്പെടുന്നില്ല. 2024 ജൂലായ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് മലയാലപ്പുഴ ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് പറഞ്ഞിരുന്നു. ക്ഷേത്ര നവീകരണം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ‘മാതൃഭൂമി’ പത്രത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക് പ്രതികരണമായാണ് പ്രസിഡന്റ് പറഞ്ഞത്. എന്നാൽ രണ്ടുവർഷത്തിനിപ്പുറവും മാസ്റ്റർ പ്ലാൻ നടപ്പായിട്ടില്ല.
ഇടത്താവളം പരിഗണിക്കണം
മണ്ഡലകാലത്ത് ദിവസവും ഒട്ടേറെ അയ്യപ്പഭക്തർ ക്ഷേത്രത്തിലെത്തി വിരിവെയ്ക്കാറുണ്ട്. ഇവർക്ക് വിരിവെയ്ക്കാൻ ക്ഷേത്രത്തിന് വടക്കുവശത്തുള്ള സദ്യാലയത്തിന് മുകളിലാണ് സ്ഥലം നൽകുന്നത്. പേരിനൊരു സംവിധാനം എന്നതിനപ്പുറം കാര്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ല. ദേവസ്വം ബോർഡിന്റെ ഇടത്താവളപ്പട്ടികയിൽ മലയാലപ്പുഴക്ഷേത്രം ഉൾപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ഇടത്താവളമായി പ്രഖ്യാപിച്ചാൽ മാത്രമേ കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. അങ്ങനെ പ്രഖ്യാപിച്ചാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ കൂടുതൽ സഹായങ്ങൾ ലഭിക്കും. ശുചീകരണം, തെരുവുവിളക്ക് കത്തിക്കൽ, ശൗചാലയസംരക്ഷണം തുടങ്ങിയവയ്ക്കായി ഇടത്താവള പദ്ധതിയിലൂടെ ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കാനാവും. മലയാലപ്പുഴയിൽ എത്തുന്ന തീർഥാടകർക്ക് അത്യാവശ്യകാര്യങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്തിനും ഉത്തരവാദിത്വംവരും. മലയാലപ്പുഴയെ ശബരിമല ഇടത്താവളപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾക്കായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതായി പറയുന്നു.
അടിസ്ഥാനസൗകര്യം മെച്ചപ്പെടണം
ഉയർന്ന പ്രദേശമായതിനാൽ മലയാലപ്പുഴയിൽ വെള്ളക്ഷാമം പതിവ് പ്രശ്നമാണ്. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്മാർക്കും മറ്റും വെള്ളമെടുക്കാൻ ഒരു ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ജലലഭ്യതയ്ക്ക് കൂടുതൽ മെച്ചപ്പെട്ട സംവിധാനം വേണമെന്നാണ് ആവശ്യം. ദേവസ്വത്തിന്റെ ശൗചാലയ സൗകര്യങ്ങളുണ്ടെങ്കിലും ഇതും പരിമിതമാണ്. കെട്ടിടങ്ങളിലെ ഇലക്ട്രിക്കൽ വർക്കിനും പ്രശ്നമുണ്ടെന്ന് പറയുന്നു. റീവയറിങ്ങിന് ടെൻഡർ വിളിച്ചെങ്കിലും അതിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നു. രാത്രിസമയങ്ങളിൽ പരിമിതമായ വെളിച്ച സംവിധാനങ്ങളെ ക്ഷേത്രപരിസരത്ത് നിലവിലുള്ളൂ. മുൻപ് ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്മാർക്ക് കഞ്ഞി കൊടുത്തിരുന്നു. കഴിഞ്ഞവർഷം മുതൽ ഇതും കൊടുക്കുന്നില്ല.
നിവേദനം നൽകിയിരുന്നു
മലയാലപ്പുഴയെ ശബരിമല ഇടത്താവളപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നൽകിയിരുന്നു. പ്രഖ്യാപനം ഉണ്ടായാൽ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേട്ടമാകും.
പ്രവീൺകുമാർ പ്ലാവറ, ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്റ്