സിഗ്നൽ മറച്ച് മരച്ചില്ല; മുത്തൂരിൽ ആശയക്കുഴപ്പം

തിരുവല്ല : എം.സി. റോഡിലെ മുത്തൂർ കവലയിൽ സിഗ്നൽ ലൈറ്റ് മറച്ച് മരച്ചില്ലകൾ. നാല് റോഡുകൾ സംഗമിക്കുന്ന മുത്തൂർ ജങ്ഷനിൽ കുറ്റപ്പുഴ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് ട്രാഫിക് സിഗ്‌നൽ വ്യക്തമായി കാണാൻ കഴിയാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

സിഗ്‌നലിന് സമീപത്തെ മരച്ചില്ലകളും വള്ളിപ്പടർപ്പുകളും കാഴ്ച മറയ്ക്കുന്നതോടെ വാഹനമോടിക്കുന്നവർക്ക് ഏറെ വൈകിയാണ് സിഗ്‌നൽ ശ്രദ്ധയിൽപ്പെടുന്നത്. സിഗ്‌നൽ തെളിയുന്ന സമയത്ത് 15 സെക്കൻഡ് മാത്രമാണ് ലഭിക്കുന്നത്. സ്‌കൂൾ സമയങ്ങളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ റോഡിൽ നീണ്ടനിര രൂപപ്പെടുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് സിഗ്നൽ യഥാസമയം ശ്രദ്ധയിൽപ്പെടാതെ പോകുന്നത്. സ്ഥിരം യാത്രക്കാർ കുത്തിക്കയറ്റി വാഹനവുമായി മുന്നോട്ടേക്കെത്തും. ഇത് തർക്കങ്ങൾക്കും ഇടയാക്കും.

സിഗ്‌നൽ വ്യക്തമായി കാണാത്തതും കുറഞ്ഞസമയത്തിനുള്ളിൽ കടന്നുപോകേണ്ടിവരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ചങ്ങനാശ്ശേരി ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് മുമ്പ് മരച്ചില്ലമൂലം സിഗ്നൽ കാണാൻ കഴിയാത്ത പ്രശ്‌നമുണ്ടായിരുന്നു. വിഷയം മാതൃഭൂമി റിപ്പോർട്ട് ചെയ്തതോടെ മരച്ചില്ലകൾ വെട്ടിമാറ്റി. സമാന പ്രശ്‌നമാണ് കുറ്റപ്പുഴയിൽനിന്ന് വരുന്ന റോഡിലും ഉണ്ടായിരിക്കുന്നത്.

മുത്തൂർ മേഖലയിൽ നിരവധി സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ രാവിലെയും വൈകുന്നേരവും ഇവിടെ ഗതാഗതത്തിരക്ക് കൂടുതലാണ്.