കാത്തുകൊള്ളണേ ദേവീ... ഈ ദേവസ്വം ഓഫീസ്

കോഴഞ്ചേരി : ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ആദ്യദിനം രാത്രി വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസ് ജീർണാവസ്ഥയിലായിട്ട് ഒരുപതിറ്റാണ്ടിലേറെ. ഈ ഓഫിസിന് കീഴിൽ അയിരൂർ പുതിയകാവ് ദേവീക്ഷേത്രം കൂടാതെ അയിരൂർ നാരായണമംഗലം മഹാവിഷ്‌ണുക്ഷേത്രം, അയിരൂർ മഠം സുബ്രഹ്മണ്യ ക്ഷേത്രം, കാട്ടൂർ മഹാവിഷ്‌ണുക്ഷേത്രം, കാഞ്ഞിറ്റുകര ധർമശാസ്‌താ ക്ഷേത്രം, ചെറുകോൽ സുബ്രഹ്‌മണ്യ ക്ഷേത്രം എന്നിവയും ഉണ്ട്.

ഒന്നരപതിറ്റാണ്ട് മുമ്പുവരെ ഈ ഓഫീസിൽ സ്ഥിരം സബ് ഗ്രൂപ്പ് ഓഫിസർ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി സ്ഥിരം സബ് ഗ്രൂപ്പ് ഓഫീസറെ നിയമിച്ചിട്ടില്ല. മറ്റ് സബ് ഗ്രൂപ്പിലെ ഓഫീസർ ഇടദിവസങ്ങളിൽ വന്നുപോകുന്നതുമൂലം ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടാകുന്നുണ്ട്. കഴകം, വാച്ചർ, തൂപ്പ് തുടങ്ങി പത്തോളം വിഭാഗങ്ങളിലെ ജീവനക്കാർ ജോലി ചെയ്തിരുന്ന ഈ ക്ഷേത്രത്തിൽ നിലവിലുള്ള അഞ്ച് ജീവനക്കാർ കരാറുകാരാണ്. രാത്രി സേവനത്തിനുള്ള ജീവനക്കാരുടെ കിടപ്പ്മുറി അനുവദിച്ചിരുന്നത് സബ് ഗ്രൂപ്പ് ഓഫീസിന് ഉള്ളിലാണ്. ഓഫീസ് കെട്ടിടം ഓട് ഇളകിയും തറ പൊളിഞ്ഞും ഉപയോഗ ശൂന്യമായതോടെ സബ് ഗ്രൂപ്പ് ഓഫീസിന്റെ പ്രവർത്തനം ക്ഷേത്രത്തിന് തെക്ക് കിഴക്ക് ഭാഗത്തായുള്ള സ്റ്റേജിന് സമീപമുള്ള ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയത്. എം.പി. ഗോവിന്ദൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലം മുതൽ ക്ഷേത്രോപദേശക സമിതികൾ ഈ സബ് ഗ്രൂപ്പ് ഓഫീസ് പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.

ജീർണാവസ്ഥയിലുള്ള നിലവിലെ കെട്ടിടം പൊളിച്ചു നീക്കി പുതിയ ദേവസ്വം ഓഫീസും വിശ്രമ കേന്ദ്രവും ശുചിമുറിയും ചേർന്നുള്ള കെട്ടിട സമുച്ചയം നിർമിച്ചു തരണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് എസ്റ്റിമേറ്റ് എടുത്തത് ഒഴിച്ചാൽ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് അജയ് ഗോപിനാഥ്, സെക്രട്ടറി അനിൽകുമാർ എന്നിവർ പറഞ്ഞു.