ഈ പോലീസിന് ‘പാഷനാണ്’ കൃഷി

പന്തളം : കാക്കിക്കുള്ളിൽ പോലീസ്, കാക്കിമാറ്റി കൈലിയുടുത്താൽ തനി കർഷകൻ. കൊട്ടാരക്കര നർക്കോട്ടിക് സെല്ലിലെ എസ്.ഐ. ആർ.എൽ. സാജുവിന് പാഷനാണ് പാഷൻഫ്രൂട്ട് കൃഷിയും സമ്മിശ്രകൃഷിയും. കൊല്ലം മീയണ്ണൂർ സ്വദേശിയായ സാജുവിന് കൃഷിയോടുള്ള അടുപ്പം പാരമ്പര്യമായി കിട്ടിയതാണ്. അച്ചൻ രാമനും അമ്മ ലക്ഷ്മിയും പകർന്നുനൽകിയ കൃഷിപാഠം ജീവിതത്തിന്റെ ഭാഗമാക്കാൻ കാക്കി തടസ്സമായില്ല.

30 വർഷം മുമ്പ് പോലീസിൽ ജോലിക്കുകയറിയപ്പോൾമുതൽ കുറച്ച് സ്ഥലം വാങ്ങി കൃഷിചെയ്യണമെന്ന മോഹവും കൂടെക്കൂടി. ഭാര്യ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായ ബിന്ദുവിന് കുളനട പഞ്ചായത്ത് ഹൈസ്‌കൂളിൽ ജോലിലഭിച്ചപ്പോൾ കൊല്ലംവിട്ട് കുളനടയിലേക്ക് ചേക്കേറി. 2014-ൽ കുളനടയിൽ വീടുവാങ്ങി താമസമുറപ്പിച്ചു. വെള്ളത്തിന്റെ ലഭ്യതയും വില അൽപ്പം കുറവുമുള്ള സ്ഥലം കൃഷിക്കായി നോക്കിനടന്നപ്പോഴാണ് കുളനട പഞ്ചായത്തിലെ പാണിൽ മാവുനിൽക്കുന്നതിൽ ഭാഗത്തുള്ള അംഗനവയൽ വാങ്ങാൻ അവസരം ലഭിച്ചത്. പാടവും കരയുമായി ഒരേക്കറോളം സ്ഥലം വാങ്ങി കൃഷി തുടങ്ങി. കൃഷിയിൽ നാട്ടറിവുള്ള രാമചന്ദ്രൻ ചേട്ടനും സഹായിയായികൂടി.

മങ്കോസ്റ്റിൻ, കമുക്, റമ്പൂട്ടാൻ, പേര, പ്ലാവ്, നെല്ലി തുടങ്ങിയവ നട്ടുപിടിപ്പിച്ചു. ഇടവിളയായി കോവലും ചേനയും ചേമ്പും പയറും നട്ടു. പാടത്തെ വെള്ളക്കെട്ടുള്ള ചെറിയ ചാലുകളിൽ വരാലും വളർത്തുമീനും വളരുന്നുണ്ട്. ഓണത്തിന് ചെണ്ടുമല്ലി കൃഷിയിൽ വിജയംകൊയ്തു. പിന്നീടാണ് പാഷൻഫ്രൂട്ടിലേക്ക് ശ്രദ്ധതിരിച്ചത്. മരങ്ങളിൽ വലിയ വല വലിച്ചുകെട്ടി അൻപത് മൂട് പാഷൻഫ്രൂട്ട് വള്ളികളിൽ പടർത്തിവിട്ടു. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പഴങ്ങൾ തോട്ടത്തിന് ആകർഷണമായി നിരന്നു. ഇതിനിടെ ഓണത്തിന് കുളനടയിലെ മികച്ച സമ്മിശ്ര കർഷകനുള്ള കൃഷിവകുപ്പിന്റെ അവാർഡും സാജുവിനെ തേടിയെത്തി.

ഉത്പാദനമല്ല വിപണനമാണ് പ്രതിസന്ധിയെന്നാണ് ഈ പോലീസ് കർഷകന്റെ അഭിപ്രായം. നല്ല വിളവ് ലഭിക്കുന്നുണ്ടെങ്കിലും വിപണിയിലെത്തിച്ചാൽ വില വളരെ കുറവാണ്. വലിയ മാളുകളിലും പഴക്കടകളിലും വലിയ വിലയ്ക്ക് പാഷൻഫ്രൂട്ട് വിൽപ്പന നടത്തുമ്പോഴും കർഷകന് ലഭിക്കുന്ന വില വളരെ കുറവാണ്. എല്ലാ ഉത്പന്നങ്ങളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് സാജു പറയുന്നു. ഇതുകൊണ്ടൊന്നും കൃഷിയിൽനിന്ന് പിന്മാറാൻ ഇദ്ദേഹം ഒരുക്കവുമല്ല. ഭാര്യ ബിന്ദു ഇപ്പോൾ കണ്ണൂർ കണ്ടൻകാളി ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്. പയ്യന്നൂർ കോളേജിലെ ബിരുദവിദ്യാർഥിനിയാണ് മകൾ അലീന.