കാവുംപടി-ഗുരുക്കൻകുന്ന് റോഡ് അപകടാവസ്ഥയിൽ; സൈഡാക്കിയാൽ കുഴിയിൽ

കോൺക്രീറ്റ് റോഡിന്റെ ഒരുവശത്തെ ഭിത്തി 10 അടി താഴ്ചയിൽ 12 മീറ്റർ നീളത്തിലാണ് ഇടിഞ്ഞുമാറിയത്

കോഴഞ്ചേരി : ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ രണ്ടുവാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ വശത്തെ മണ്ണിടിഞ്ഞു. 12, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന വല്ലന കാവുംപടി കുറുമ്പൻ ദൈവത്താൻ സ്മാരകം-ഗുരുക്കൻകുന്ന് റോഡിലെ കുഴിതുണ്ടിയിൽ ഭാഗമാണ്‌ അപകടനിലയിലായത്. ആറുമാസമായി മണ്ണിടിഞ്ഞനിലയിലാണ്‌. സംരക്ഷണഭിത്തി നിർമിക്കുന്ന കാര്യത്തിൽ നടപടിയുമില്ല. കോൺക്രീറ്റ് റോഡിന്റെ ഒരുവശത്തെ ഭിത്തി 10 അടി താഴ്ചയിൽ 12 മീറ്റർ നീളത്തിലാണ് ഇടിഞ്ഞുമാറിയത്. ഇതോടെ കോൺക്രീറ്റിന് അടിഭാഗത്ത് താങ്ങില്ലാത്തതിനാൽ ഏതുസമയത്തും ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലാണ്. അപകടാവസ്ഥ ഇരുവാർഡിലെ ജനപ്രതിനിധികളെയും ധരിപ്പിച്ചെങ്കിലും കഴിഞ്ഞ ബജറ്റിലും സംരക്ഷണഭിത്തി പുനർനിർമിക്കുവാൻ പദ്ധതി തയ്യാറാക്കിയിട്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞമാസത്തെ കനത്തമഴ കൂടിയായപ്പോൾ റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളിലെ വിദ്യാർഥികൾ അടക്കമുള്ളവർ ആശ്രയിക്കുന്ന സഞ്ചാരപാതയാണിത്.കാറുകളും ഭാരംകൂടിയ വാഹനങ്ങളും കടന്നുപോകുമ്പോൾ സൈഡ് നല്കിയാൽ റോഡ് ഇടിഞ്ഞ് വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കുമെന്നുറപ്പാണ്‌.

ഈ സാമ്പത്തികവർഷത്തെ പദ്ധതി തയ്യാറാക്കിയശേഷമാണ് സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്നതെന്നും ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ.യ്ക്ക് നിവേദനം നല്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപാ നായർ അറിയിച്ചു. റോഡ് പുനർനിർമിക്കാൻ ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതിന്നാലാം വാർഡ് പഞ്ചായത്തംഗം നീന മോഹൻ അറിയിച്ചു.