പെരുമ്പുഴയിൽ ‘വെള്ളപ്പൊക്ക’ത്തിന് പിന്നാലെ അപകടവും

റാന്നി : കനത്ത മഴയിൽ സംസ്ഥാനപാതയിൽ കയറിയ വെള്ളം ഒഴിഞ്ഞതോടെ റോഡിൽ അടിഞ്ഞ മണ്ണിലും ചരളിലും കയറി വാഹനാപകടവും. നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചശേഷം കടയുടെ മുമ്പിലുണ്ടായിരുന്ന ബൈക്കിലും തട്ടി. വൈദ്യുത തൂൺ ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി ബൈക്കുകൾ ചെളിയിൽ പാളിയെങ്കിലും വീഴാതിരുന്നത് അപകടമൊഴിവാക്കി.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തി ഓടകൾ കവിഞ്ഞ് സംസ്ഥാനപാതയിൽ ഒരടിയിലധികം വെള്ളമായിരുന്നു. മഴകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വെള്ളം റോഡിൽ നിന്ന്് ഒഴിഞ്ഞെങ്കിലും കൈവഴികളിലൂടെയും ബൈറോഡുകളിലൂടെയും മറ്റും ഒലിച്ചെത്തിയ മണ്ണും ചെളിയും ചെറിയ കല്ലുകളും മറ്റും റോഡിൽ നിരന്നുകിടന്നു. എം.എസ്. സ്‌കൂൾ, പഞ്ചായത്ത് ഓഫീസ് എന്നിവയുടെ മുമ്പിലാണ് ഏറെ ചെളിയും മണലും അടിഞ്ഞത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഇതുവഴി എത്തിയ കാർ ഇവിടെ നിയന്ത്രണം വിട്ടത്. റോഡിൽ ചെളിയും ചെറിയ കല്ലുകളും കണ്ട് ബ്രേക്കിട്ടപ്പോൾ തെന്നി നിയന്ത്രണം വിട്ടതാണ് അപകടകാരണം.
റാന്നി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ കറങ്ങി തിരിഞ്ഞ് മറുവശത്തെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. കാറിന്റെ പിൻഭാഗം നടപ്പാതയിലേക്ക് കയറി കടമുറിയുടെ മുമ്പിൽ വെച്ചിരുന്ന ബൈക്കിൽ തട്ടിയ നിലയിലാണ് നിന്നത്. കാർ വന്ന ദിശയിലേക്ക് തിരിഞ്ഞാണ് കിടന്നത്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും ചെളിയിൽ തെന്നി നിയന്ത്രണം വിട്ടിരുന്നു.
ഞായറാഴ്ച രാവിലെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ. ബാബുരാജ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി 10 മണിയോടെ പാതയിലെ ചെളിയും മണ്ണും കഴുകി നീക്കി.