പുത്തൻകാവുമല- നന്നൂർ റോഡിൽഎന്തിനാണ് ഇങ്ങനെ ടാറിട്ടത്

പൂർണമായി തകർന്ന പാതയിൽ ടാറിട്ടത് പകുതിദൂരം മാത്രം
വള്ളംകുളം : ടാറിങ് തകർന്ന് നടുവൊടിക്കാൻ പാകത്തിൽ കിടക്കുന്ന പുത്തൻകാവുമല- നന്നൂർ റോഡിലൂടെ ആരും യാത്ര പോകരുതെന്നേ പറയാനാകൂ. ഒരുകിലോമീറ്ററോളമേ ദൂരമുള്ളൂവെങ്കിലും വഴിയുടെ പകുതി ഭാഗത്തുമാത്രമേ റീ ടാറിങ് നടത്തിയിട്ടുള്ളൂ. ബാക്കിയിടം കുഴികളായി മെറ്റിലുകൾ അടക്കം ഇളകിമാറി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.
ഇവയൊക്കെ ഒഴിവാക്കി പോകാനുള്ള ഇടവുമില്ല. വീതി കുറവായ പാതയിൽ കുത്തനെയുള്ള ഇറക്കവുമാണ്. അതിനാൽ, ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുഴികളിൽ ചാടുന്നവ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്. പലർക്കും അപകടത്തിൽ പരിക്കേൽക്കുന്നു. വഴിയാകെ തകർന്ന് സ്കൂൾ വാഹനങ്ങൾ അടക്കം കടന്നുവരാത്ത നിലയാണ്. നന്നൂർ- വള്ളംകുളം റോഡിൽ 750 മീറ്ററോളം നടന്നെത്തിവേണം വാഹനങ്ങളിൽ കയറാൻ.
പുത്തൻകാവുമല ക്ഷേത്രം ഉൾപ്പെടെ പ്രധാന ഇടങ്ങളിലേക്ക് പോകാനുള്ള മാർഗമാണ്. പഞ്ചായത്തിന്റെ കീഴിലുള്ള പാത സഞ്ചാരയോഗ്യമല്ലതായിട്ട് ഏഴുവർഷത്തിന് മുകളിലായി. ഇതിനിടെ പകുതിയിടത്തേ ടാറിങ് നടത്താൻ കഴിഞ്ഞുള്ളൂ. 16-ാം വാർഡിൽ ഉൾപ്പെടുന്ന റോഡാണ്.
ടി.കെ. റോഡിലേക്ക് മനയ്ക്കച്ചിറ വഴിയും വള്ളംകുളത്ത് എത്തിയും പോകാനുള്ള പാതയാണ്. ഇക്കാര്യത്തിൽ തുടർനടപടികൾ പഞ്ചായത്ത് അധികാരികൾ വൈകാതെ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ പക്ഷം.