കുറ്റൂർ പിടിക്കാനുള്ള നീക്കത്തിൽ യു.ഡി.എഫ്.

തിരുവല്ല : ഉപതരിഞ്ഞെടുപ്പിൽ ഓതറ വാർഡ് നിലനിർത്തിയതോടെ കുറ്റൂർ പഞ്ചായത്തിൽ ഭരണംപിടിക്കാൻ യു.ഡി.എഫ്. നീക്കംതുടങ്ങി. രണ്ട് എൽ.ഡി.എഫ്. സ്വതന്ത്രരെ കൂട്ടുപിടിച്ച് ബി.ജെ.പി.യെ പുറത്താക്കാനാണ് നീക്കം. ബി.ജെ.പി.-6, യു.ഡി.എഫ്-5, എൽ.ഡി.എഫ്.-നാല് എന്നതാണ് നിലവിലെ കക്ഷിനില. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചയാളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. പ്രമേയം പാസ്സാക്കിയെടുക്കാൻ എട്ട് അംഗങ്ങളുടെ പിന്തുണവേണം. ബി.ജെ.പി.ക്ക് എതിരേയായതിനാൽ എൽ.ഡി.എഫ്. പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കൾ കരുതുന്നത്.
യു.ഡി.എഫിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേർ കേരള കോൺഗ്രസും രണ്ട് പേർ കോൺഗ്രസുമാണ്. എൽ.ഡി.എഫിൽ രണ്ട് സ്വതന്ത്രാംഗങ്ങൾക്കുപുറമേ സി.പി.എം., ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്നീ കക്ഷികൾക്ക് ഓരോ അംഗങ്ങൾ വീതമാണുള്ളത്. എൽ.ഡി.എഫ്. സ്വതന്ത്രരായ അംഗങ്ങൾക്ക് ഏത് സ്ഥാനം വാഗ്ദാനംചെയ്യും എന്നത് സംബന്ധിച്ച് ചർച്ചകളായിട്ടില്ല.
അവിശ്വാസം വിജയിച്ചുകഴിഞ്ഞ് അത്തരം ചർച്ചകൾക്ക് തുടക്കമിടാം എന്നാണ് യു.ഡി.എഫ്. നേതാക്കൾ കരുതുന്നത്. കേരള കോൺഗ്രസ് നേതാക്കളാണ് ഭരണം പിടിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് ലഭിക്കത്തക്ക നീക്കുപോക്കുകൾക്കാണ് ഇപ്പോൾ ശ്രമംനടക്കുന്നത്. 2025-ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ എൽ.ഡി.എഫ്. സ്വതന്ത്രരെ ഒപ്പംകൂട്ടാൻ യു.ഡി.എഫ്. നീക്കംനടത്തിയിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ എൽ.ഡി.എഫ്. കൂട്ടുകെട്ട് സംസ്ഥാനത്ത് ചർച്ചയാകുമെന്ന് കരുതി പിന്തിരിയുകയായിരുന്നു.
ജില്ല യു.ഡി.എഫിന്റെ ഉരുക്കുകോട്ട- വർഗീസ് മാമ്മൻ എം.എൽ.എ.
തിരുവല്ല : തദ്ദേശതലത്തിൽ നടന്ന ഉപതരിഞ്ഞെടുപ്പുകളിൽ പത്തനംതിട്ട യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാണെന്ന് തെളിയിച്ചതായി യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ എം.എൽ.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം അതേപടി തുടരുകയാണ്. തിരുവല്ല നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ യു.ഡി.എഫ്. നേടിയ ഉജ്ജ്വലവിജയം ജനങ്ങൾ യു.ഡി.എഫിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണെന്നും വർഗീസ് മാമ്മൻ അഭിപ്രായപ്പെട്ടു.