സർക്കാരിന്റെ പുതിയ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് കുപ്പണ്ണൂർ

റിലാക്സിൽ കുപ്പണ്ണൂർ റിയലാകുമോ
കുളനട : സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായ റിലാക്‌സ് പദ്ധതിയിൽ കുപ്പണ്ണൂർ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വീണ്ടും കുളനട നിവാസികളിലേക്കെത്തുന്നു. കർഷകർക്കും യാത്രക്കാർക്കും സായാഹ്ന സവാരിക്കാർക്കുമെല്ലാം ഒരുപോലെ പ്രയോജനംചെയ്യാൻ സഹായിക്കുന്ന കുപ്പണ്ണൂർ പദ്ധതിക്ക് ഇനി അധികം ചെലവ് വരുകയുമില്ല.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുപ്പണ്ണൂർ ചാലിന്റെ പുനരുദ്ധാരണം നടത്തിയത്. നെൽകൃഷി പുനരുജ്ജീവനത്തിനൊപ്പം മറ്റു വിളകൾ കൃഷി ചെയ്യുന്നതിനും ചാലിന്റെ ജലസംഭരണ ശേഷി വർധിപ്പിച്ച് മേഖലയിലെ വരൾച്ചയ്ക്ക് പരിഹാരം കാണുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി 18 ലക്ഷം രൂപ ചെലവിലാണ് പണി നടത്തിയത്. കുപ്പണ്ണൂർ ചാലിൽനിന്ന് മണ്ണ് നീക്കം ചെയ്യൽ, 510 മീറ്റർ നീളത്തിലും രണ്ടുമീറ്റർ ഉയരത്തിലും ചാലിനുചുറ്റും പുറം ബണ്ട് കെട്ടൽ, 2.4 കിലോമീറ്റർ നീളത്തിൽ തോടുകളുടെ നവീകരണം, ഏഴ് മീറ്റർ വീതിയിലും മൂന്ന്് മീറ്റർ ഉയരത്തിലും വി.സി.ബി.യുടെ പണി, 4.5 മീറ്റർ വീതിയിലും മൂന്ന്് മീറ്റർ ഉയരത്തിലും കലുങ്ക്, എം.സി. റോഡിൽനിന്ന് 150 മീറ്റർ നീളത്തിൽ ചാലിന്റെ പുറം ബണ്ടിലേക്ക് അപ്രോച്ച് റോഡിന്റെ പണിയും ഇതിൽ ഉൾപ്പെട്ടിരുന്നു. പറഞ്ഞ പദ്ധതി കുറച്ച് പൂർത്തിയായെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.
കൃഷിക്കൊപ്പം പുതുതായി തുടങ്ങാനിരുന്ന വിനോദ സഞ്ചാര പദ്ധതിക്കൊപ്പം മുടങ്ങിപ്പോയത് കുപ്പണ്ണൂർ പുഞ്ചയിലെ നെൽകൃഷിയാണ്. തുടങ്ങിവെച്ച പണി പൂർത്തിയായില്ലെന്നതു മാത്രമല്ല പച്ചപുതച്ചുകിടന്നിരുന്ന നെൽപ്പാടവും കുപ്പണ്ണൂർ പുഞ്ചയ്ക്ക് നഷ്ടമായി. കൃഷിക്കൊപ്പം ചാലും തീരവും നവീകരിച്ച് വിനോദസഞ്ചാരപദ്ധതികൂടി നടപ്പാക്കാനായി തുടങ്ങിയ പദ്ധതി നിലച്ചതോടെ തോട്ടിലും ചാലിലും പാടത്തും പ്ലാസ്റ്റിക് മാലിന്യവും ഒഴുകി എത്തിത്തുടങ്ങി. വിനോദസഞ്ചാര പദ്ധതി ലക്ഷ്യമിട്ട് ചാലിന്റെ ആഴം വർദ്ധിപ്പിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചെളി മാറ്റിയതുകാരണം ഈ ഭാഗത്തെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുകയും വേനൽക്കാലത്ത് ഈ പ്രദേശത്ത് കനത്ത വരൾച്ച അനുഭവപ്പെട്ടുതുടങ്ങിയിട്ടുമുണ്ട്. റിലാക്‌സ് പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയാക്കിയാൽ പാടത്ത് കൃഷിക്കും തീരത്ത് വിശ്രമിക്കാനും സൗകര്യം ലഭിക്കും.
റിലാക്‌സ് പദ്ധതി
കേരള സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെയും ‘മയങ്ങില്ല കേരളം’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെയും ഭാഗമായി എക്സൈസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഒരു പ്രധാന പദ്ധതിയാണ് ‘റിലാക്സ്’ ലഹരിയുപയോഗത്തിലേക്ക് ആളുകൾ, പ്രത്യേകിച്ച് യുവാക്കളും കുട്ടികളും തിരിയുന്നത് തടയുന്നതിനായി വിനോദത്തിനും വിശ്രമത്തിനും വഴിയൊരുക്കുന്ന ഇടങ്ങൾ പൊതുസ്ഥലങ്ങളിൽ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരിധിയിലും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ജനങ്ങൾക്ക് ഒഴിവുസമയം ക്രിയാത്മകമായി ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നു.