കുടിവെള്ളം കിട്ടാതെ മേപ്രാൽ

തിരുവല്ല : വെള്ളം കയറിയ കിണറുകൾ കേടായ നാട്ടിൽ പൈപ്പുവെള്ളവും കിട്ടുന്നില്ല. പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ ഉൾപ്പെടുന്ന ഒന്ന്, നാല്, അഞ്ച്, ആറ് വാർഡുകളിലാണ് കുടിവെള്ള ക്ഷാമം. പത്തുദിവസമായി ഇവിടെ ജലവിതരണത്തിൽ താളപ്പിഴകൾ തുടങ്ങിയിട്ട്. വ്യാഴാഴ്ച രണ്ട് മണിക്കൂർ മാത്രമാണ് വിതരണം നടന്നത്. മേപ്രാൽ പടിഞ്ഞാറ് മേഖലയിൽ പലയിടത്തും വെള്ളം കിട്ടിയതുമില്ല. പൈപ്പിലൂടെ വരുന്ന വെള്ളത്തിന് മർദവും കുറവാണ്. ഒരു വീട്ടിലെ ടാങ്ക് നിറഞ്ഞ ശേഷമാണ് അടുത്ത വീട്ടിലേക്ക് വെള്ളം എത്തുന്നത്. വാർഡിലെ പകുതി ഭാഗത്തുപോലും പമ്പിങ് നടത്തുന്ന സമയത്തും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. പ്രളയക്കെടുതിയിൽ പല വീടുകളിലെയും കിണർ അടക്കം മുങ്ങി പോയതിനാൽ കുടിക്കുന്നതിനായി ഈ വെള്ളം എടുക്കുന്നില്ല.
തോടുകളിലും മലിനജലമാണ്. ആറ്റിൽ ഇറങ്ങുന്നവർക്ക് ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, വാർഡ് അംഗങ്ങളായ മിനിമോൾ ജോസ്, റോയ് വർഗീസ്, ലീനാ ജോസ്, ഏലിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു. വൈദ്യുതി തകരാർമൂലം പമ്പിങ് തടസ്സം ഉണ്ടാകുന്നതാണ് പ്രധാനകാരണമെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചു. ഉടൻ പരിഹാരം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.