അംബായാഗം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

റാന്നി : തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ അംബായാഗത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ ഒമ്പത് മുതൽ 18 വരെയാണ് ദേവീഭാഗവതനവാഹയജ്ഞം-അംബായാഗം നടക്കുന്നത്. വിശേഷാൽ പൂജകൾ, പ്രഭാഷണങ്ങൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികൾക്ക് അന്തിമ രൂപമായി. ക്ഷേത്രത്തിന് മുമ്പിലും പിന്നിലെ മൈതാനത്തും പന്തലുകൾ നിർമിക്കുന്ന പണികൾ നടന്നുവരുന്നു. മൈതാനത്ത് അയ്യായിരത്തിലധികം പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിക്കുന്നത്.

അംബായാഗത്തിന്റെ മുന്നോടിയായി നടന്നുവരുന്ന നാരായണീയപാരായണ യജ്ഞത്തിന്റെ 13-ാം ദിവസമായ ഞായറാഴ്ച ഇളകൊള്ളൂർ ശ്രീവെട്ടൂരപ്പൻ നാരായണപാരായണസമിതി, സാന്ത്രാനന്ദം നാരായണീയസമിതി എന്നിവരാണ് പാരായണം നടത്തിയത്. അങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് പാരായണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശ്രീകുമാർ, സി.എൻ. പ്രസാദ്, ആചാര്യ വിജലക്ഷ്മി, പി.എസ്. ആനന്ദാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.