പൂർവാധ്യാപകരെ വീടുകളിലെത്തി ആദരിച്ച് വിദ്യാർഥികൾ

കടമ്മനിട്ട ഗവ. എച്ച്.എസ്.എസിൽ 'ഗുരുവഴി'

പത്തനംതിട്ട : അധ്യാപകദിനാചരണത്തോടനുബന്ധിച്ച് കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പൂർവാധ്യാപകരെ വീടുകളിലെത്തി ആദരിച്ച ‘ഗുരുവഴി’ പരിപാടി വേറിട്ടതായി.

വിദ്യാലയത്തിലെ ഏറ്റവും മുതിർന്ന അധ്യാപികയായ കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, മുൻ പ്രിൻസിപ്പൽ എം.ടി. ഏലിയാമ്മ, മുൻ സംഗീതാധ്യാപിക ജയമോൾ കോശി, മുൻ പ്രഥമാധ്യാപകരായിരുന്ന യോഹന്നാൻ, ലീലാമ്മ, വിമലാദേവി, ദിവാകരപ്പണിക്കർ, ഒ.സി. മറിയാമ്മ, പൊന്നമ്മ, പ്രമുഖ ഗ്രന്ഥകാരനും പാവനാടക കലാകാരനുമായ എം.എം. ജോസഫ് എന്നിവരുടെ വീടുകളിലാണ് വിദ്യാർഥി സംഘം സന്ദർശനം നടത്തിയത്. അധ്യാപകരുടെ സ്കൂൾ അനുഭവങ്ങളും പഴയകാല അധ്യാപനസ്മൃതികളും കുട്ടികൾ നേരിട്ട് ചോദിച്ചറിഞ്ഞു.

അധ്യാപകരെ ആദരിക്കുന്നതിനൊപ്പം കടമ്മനിട്ടയുടെ നാട്ടുചരിത്രവും ഭൂമിശാസ്ത്രവും അടുത്തറിയാനുള്ള പഠനയാത്രകൂടിയായി ഈ സംരംഭം മാറി. വിദ്യാലയം എന്നത് കേവലം ഒരു കെട്ടിടമല്ലെന്നും തലമുറകൾ കൈമാറിവരുന്ന സംസ്കാരത്തിന്റെ തുടർച്ചയാണെന്നുമുള്ള തിരിച്ചറിവാണ് പരിപാടിയിലൂടെ ലഭിച്ചതെന്ന് വിദ്യാർഥികൾ പങ്കുവെച്ചു.

സ്കൂൾ പ്രഥമാധ്യാപിക ആർ. ശ്രീലത ഗുരുവഴി പരിപാടി ഉദ്ഘാടനംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മുപ്പത് ഹൈസ്കൂൾ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കാളികളായത്. സ്കൂൾ വികസനസമിതി അംഗം ബിജു മലയിൽ, അധ്യാപകരായ പ്രസന്നകുമാർ, ലിനി കൃഷ്ണൻ, രഘു, അഖിൽ, മിനി, സിജി, ശ്രീലക്ഷ്മി, താര എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.