എം.ജി. റോഡിലെ കുഴികൾ അടയ്ക്കും

അടൂർ : വർഷങ്ങളായി തകർച്ചയുടെ ദുരിതംപേറിയ എം.ജി. റോഡിന് ഒടുവിൽ ആശ്വാസം. അടൂർ-തുമ്പമൺ റോഡിന്റെ പരിപാലനത്തിന്റെ ഭാഗമായി എം.ജി. റോഡിലെ കുഴികൾ രണ്ടുദിവസത്തിനകം അടയ്ക്കും. പൊതുമരാമത്താണ് പണികൾ നടത്തുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള അടൂർ ആർ.ഡി.ഒ. ഓഫീസിനു സമീപത്തുനിന്ന് ആനന്ദപ്പള്ളിയിലേക്ക് പോകുന്ന എം.ജി. റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു.

റോഡിന്റെ മിക്ക ഭാഗങ്ങളിലും രൂപപ്പെട്ട അപകടക്കുഴികളും ചിതറിക്കിടക്കുന്ന മെറ്റലും വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. അടൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ആനന്ദപ്പള്ളി വഴി പത്തനംതിട്ട ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയായിരുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സി. ജങ്ഷൻ, പാർത്ഥസാരഥി ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ ആശ്രയിച്ചിരുന്ന പ്രധാന പാതയുമായിരുന്നു.

ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ തകർച്ച രൂക്ഷമായതോടെ ഇതുവഴിയുള്ള യാത്രയും കുറഞ്ഞു. റോഡിന്റെ ഇത്തരം ദുരവസ്ഥ ചൂണ്ടിക്കാട്ടി ഒക്ടോബർ ആറിന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്തുവകുപ്പ് നാട്ടുകാർക്ക് ഉറപ്പുനൽകി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കുഴികൾ അടയ്ക്കാനുള്ള നടപടി.

വീതി പത്തുമീറ്ററാകും

അടിയന്തര അറ്റകുറ്റപ്പണികൾക്കു പിന്നാലെ എം.ജി. റോഡ് വീതികൂട്ടി പുനർനിർമിക്കാനും പദ്ധതിയുണ്ട്. അടൂർ-തുമ്പമൺ റോഡിന്റെ ഭാഗമായുള്ള നിർമാണത്തിന് നേരത്തേ സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. മാതൃഭൂമി വാർത്തയെ തുടർന്ന് സി.വി. ശാന്തകുമാർ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ റോഡിന്റെ ഇരുവശത്തുമുള്ള താമസക്കാരുടെ യോഗം അടുത്തിടെ ചേർന്നു.

നിലവിലുള്ള എട്ടുമീറ്റർ വീതി പത്തുമീറ്ററായി വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഇരുവശങ്ങളിലുമുള്ള ചില മതിലുകൾ പൊളിക്കേണ്ടിവരും. പൊളിക്കുന്ന മതിലുകൾ പുനർനിർമിച്ചുനൽകും. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് വില നൽകില്ലെന്നാണ് ധാരണ.

റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ നിർമിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യവും വിശദമായി ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കാനാണ് യോഗത്തിലെ തീരുമാനം. കെ.ആർ.എഫ്.ബിക്കാണ് നിർവഹണച്ചുമതല. യോഗത്തിൽ ഡി.സജി, ആർ.സനൽകുമാർ, ഷൈനി ബോബി, നിധി ശശികുമാർ, ജ്യോതി സുരേന്ദ്രൻ, മനു വിത്സൺ എന്നിവർ പങ്കെടുത്തു.