'വെള്ളപ്പൊക്കം' പെരുമ്പുഴയിലെ ഓടകൾ വൃത്തിയാക്കാൻ കെ.എസ്.ടി.പി.

റാന്നി : റാന്നി ടൗണിലെ പെരുമ്പുഴയിൽ സംസ്ഥാനപാതയിലും കടകളിലും വെള്ളംകയറിയ ഭാഗത്തെ ഓടകൾ കെ.എസ്.ടി.പി. നേതൃത്വത്തിൽ വൃത്തിയാക്കും. ഓടയിലടിഞ്ഞ മണ്ണും മാലിന്യങ്ങളും നീക്കംചെയ്യുന്ന ജോലികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് പെരുമ്പുഴയിലെത്തിയ കെ.എസ്.ടി.പി. അസിസ്റ്റന്റ് എൻജിനിയർ ടി. കാവ്യ പറഞ്ഞു.
ഓടകൾ അടഞ്ഞുകിടക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളാൽ മഴസമയത്ത് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി പഞ്ചായത്ത് ഓഫീസിന് മുൻഭാഗത്ത് 200 മീറ്ററിലധികം ദൂരത്തിൽ വെള്ളക്കെട്ടായിരുന്നു. ശനിയാഴ്ചത്തെ കനത്തമഴയിൽ പാതയിൽ ഒരടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. പത്തിലധികം കടകളിലും വെള്ളംകയറിയിരുന്നു. വെള്ളക്കെട്ട് തടയുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ. കെ.എസ്.ടി.പി. ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, വൈസ് പ്രസിഡന്റ് ടി.ജെ. ബാബുരാജ് എന്നിവർ വെള്ളക്കെട്ടുണ്ടാക്കിയ ദുരിതങ്ങൾ എൻജിനിയറെ അറിയിച്ചു.
ഈ ഭാഗത്ത് നടപ്പാതയിൽ വെള്ളം ഒഴുകി ഇറങ്ങുന്നതിനായി ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച കമ്പി വലകൾ കുട്ടികൾക്ക് ഭീഷണിയാകുന്നതായി വ്യാപാരികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. എതിർഭാഗത്തുനിന്നുവരുന്ന വെള്ളം ഓടയിലേക്ക് വീഴുംവിധം സംവിധാനമൊരുക്കാമെന്നും കമ്പിവലയ്ക്ക് പകരം സ്ലാബിടാമെന്നും എൻജിനിയർ പറഞ്ഞു.