അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ശുചിത്വം പാളി

അടൂർ : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ഓഫീസ് കെട്ടിടത്തിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി പരിസരമാകെ ദുർഗന്ധം. ഡിപ്പോയിലെ ഓഫീസ് ജീവനക്കാർ ഉപയോഗിക്കുന്ന ശൗചാലയത്തിലെ മലിനജലമാണ് കെട്ടിക്കിടന്ന് ദുരിതം വിതയ്ക്കുന്നത്. ശൗചാലയത്തിലെ മലിനജലം നേരത്തേ കെട്ടിടത്തിന് പുറകിലെ കുഴിയിലേക്കാണ് ഒഴുക്കിയിരുന്നത്. യാർഡ് നിർമാണവുമായി ബന്ധപ്പെട്ട് ഈ കുഴിയിലേക്ക് പോയിരുന്ന പൈപ്പ് അടുത്തിടെ ഇളക്കിമാറ്റിയതോടെയാണ് മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ഇപ്പോൾ മലിനജലം കെട്ടിക്കിടന്ന് കൊതുകിന്റെയും ഈച്ചയുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്.സ്റ്റാൻഡിന് സമീപത്തെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതുവഴിയാണ് ദിവസവും നടന്നുപോകുന്നത്. ദുർഗന്ധവും മലിനജലവും യാത്രക്കാർക്കും വ്യാപാരികൾക്കും ഡിപ്പോ ജീവനക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്.പ്രശ്നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെ ശൗചാലയമെന്ന് തെറ്റിദ്ധരിച്ച് ചിലർ ഇവിടെ മൂത്രമൊഴിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.മലിനജലം കെട്ടിക്കിടക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നതായി ജീവനക്കാരും വ്യാപാരികളും പറയുന്നു. പനിയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ നേരിടുന്നതായാണ് ഇവരുടെ പരാതി.ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന പ്രധാന ബസ് സ്റ്റാൻഡിൽ ശുചിത്വം ഉറപ്പാക്കേണ്ട അധികൃതർ തന്നെ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാണ്.